സംസ്ഥാനത്ത് നാശം വിതച്ച് കനത്ത മഴ തുടരുന്നു
|മൂന്നു ദിവസമായി മഴയ്ക്ക് ശമനമുണ്ടെങ്കിലും കുട്ടനാടടക്കം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ടും വെള്ളപ്പൊക്കവും തുടരുന്നു.
സംസ്ഥാനത്ത് നാശംവിതച്ച് കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മഴ ശക്തമായ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മധ്യ കേരളത്തിലും സംസ്ഥാനത്തെ തീരപ്രദേശങ്ങളിലും കനത്ത മഴ നാശം വിതച്ചു.
മൂന്നു ദിവസമായി മഴയ്ക്ക് ശമനമുണ്ടെങ്കിലും കുട്ടനാടടക്കം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ടും വെള്ളപ്പൊക്കവും തുടരുന്നു. മഴക്കെടുതിയില്‍ ആലപ്പുഴ ജില്ലക്കാരായ രണ്ടുപേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ജില്ലയില്‍ നാല്‍പത്തയ്യായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
മഴക്കെടുതിയില്‍ കഴിഞ്ഞ ദിവസം 4 വീടുകള്‍ പൂര്‍ണമായും 61 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുട്ടനാട്ടില്‍ കൂടുതല്‍ പാടശേഖരങ്ങളില്‍ മടവീഴ്ചയണ്ടായി. ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും കുട്ടനാട് ഏതാണ്ട് പൂര്‍ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും തുടരുകയാണ്.
ജില്ലയിലാകെ 194 ദുരിതാശ്വാസ ക്യാമ്പുകളിലായി നാല്‍പത്തയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 375 കഞ്ഞി വീഴ്ത്തു കേന്ദ്രങ്ങളെ തൊണ്ണൂറായിരത്തോളം പേര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നു.