അഭിമന്യു വധക്കേസ് അന്വേഷണം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയിലേക്കും
|കേസില്‍ അറസ്റ്റിലായ മുഹമ്മദിനെ കൊലക്ക് മുന്‍പും പിന്‍പും ഫോണില്‍ വിളിച്ചെന്ന് കണ്ടെത്തിയ തൃശൂര്‍ സ്വദേശിയായ മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
അഭിമന്യു വധക്കേസില്‍ അന്വേഷണം പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങളിലേക്ക് നീങ്ങുന്നതായി സൂചന. കേസിലെ ഒരു പ്രധാന പ്രതി ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞ് കഴിഞ്ഞു. കേസില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
കണ്ണൂര്‍ സ്വദേശിയായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയ്ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊലപാതക സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. ഈ വിവരം സ്ഥിരീകരിച്ചതോടെയാണ് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിന് കേസിന്‍റെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയത്. നേതാക്കളുടെ ഫോണ്‍ വിളികളടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ചിലര്‍ നേതാക്കളെ സംഭവത്തിന് ശേഷം വിളിച്ചതായാണ് പോലീസിന് ലഭിച്ച വിവരം.
അതേസമയം കൊലയാളി സംഘത്തിലുള്‍പ്പെട്ട പ്രധാനികള്‍ പൊലീസിന്‍റെ വലയിലായതായും സൂചനയുണ്ട്. 4 പേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടെങ്കിലും ഇവര്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ കൊലയാളി അടക്കമുള്ളവരുടെ അറസ്റ്റ് ഉണ്ടാകൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുഹമ്മദിനെ കൊലക്ക് മുന്‍പും പിന്‍പും ഫോണില്‍ വിളിച്ചെന്ന് കണ്ടെത്തിയ തൃശൂര്‍ സ്വദേശിയായ മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അതേസമയം കേസുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.