Kerala
ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍
Kerala

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

Web Desk
|
21 July 2018 4:49 AM GMT

പോക്സോ കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആലുവ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശിശുഭവനിലെ കുട്ടികളെ പീഡിപ്പിച്ച വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്. നടപടി പകപോക്കലെന്ന് ജോസ് മാവേലി പ്രതികരിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് ആലുവ ജനസേവ ശിശുഭവനില്‍ നടന്ന പീഡന വിവരം ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് പുറംലോകമറിയുന്നത്. ശിശുഭവനിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി പീഡിപ്പിച്ചെന്ന് ചെയര്‍മാന്‍ ജോസ് മാവേലിയോടും, അധ്യാപകനായ റോബിനോടും പറഞ്ഞിരുന്നെന്നാണ് ക്രൈംബ്രാ‍ഞ്ചിനോടും കുട്ടികള്‍ മൊഴി നല്‍കിയത്.

ഇതനുസരിച്ച് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ജോസ് മാവേലിയെയും, മുന്‍ അധ്യാപകനായ റോബിനേയും, മുന്‍ അന്തേവാസിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡന വിവരം മറച്ചു വെച്ചെന്ന കുറ്റത്തിന് പുറമേ പോക്സോ, മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ജോസ് മാവേലിക്കെതിരെ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നും ബിജു പ്രഭാകര്‍ ഐഎഎസും, ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ പത്മജ നായരുമാണ് ഇതിന് പിന്നിലെന്നും ജോസ്മാവേലി പറഞ്ഞു. നേരത്തെ ജനസേവ ശിശുഭവന്‍റെ പ്രവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

ചൈല്‍ഡ് ലൈന്‍ നടത്തിയ തെളിവെടുപ്പിലാണ് ജനസേവ ഭവനിലെ കുട്ടികള്‍ മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ച് പറഞ്ഞത്. അന്തേവാസികള്‍ പീഡിപ്പിക്കുന്ന കാര്യം പറഞ്ഞിട്ടും ജോസ് മാവേലി നടപടിയെടുത്തില്ലെന്നും കുട്ടികള്‍ പറയുകയുണ്ടായി.

Related Tags :
Similar Posts