സംസ്ഥാനത്ത് ഇത്തവണ 22 ശതമാനം അധിക മഴ ലഭിച്ചു
|അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നത്
സംസ്ഥാനത്ത് ഇത്തവണ 22 ശതമാനം അധിക മഴ ലഭിച്ചതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നത്. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കിയിലാണ് ഇത്തവണ ഏറ്റവുമധികം മഴ ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48ശതമാനം അധികമഴയാണ് ഇടുക്കിയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 534 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. പാലക്കാട് 47 ശതമാനവും കോട്ടയത്ത് 46 ശതമാനവും കൂടുതല്‍ മഴയുണ്ടായി. എറണാകുളം ജില്ലയില്‍ 42 ശതമാനം അധിക മഴ രേഖപ്പെടുത്തി.. 2013ന് ശേഷം ഇതാദ്യമായാണ് കൂടുതല്‍ മഴയ ലഭിക്കുന്നത്. കാസര്‍കോഡ് ജില്ലയില്‍ മാത്രമാണ് മഴ കുറവ് രേഖപ്പെടുത്തിയത്. അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
7 മുതല്‍ 20 സെന്റി മീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 60 കിലോമീറ്റര്‍ വേഗത വരെ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.