തൃശൂരിൽ മഴയിൽ വീട് തകർന്നു അച്ഛനും മകനും മരിച്ചു
|മലപ്പുറം മമ്പാട് ചാലിയാറിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 134.4 അടിയായി ഉയര്‍ന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2380.46 അടിയായി
കേരളത്തില്‍ മഴ തുടരുന്നു. തൃശൂരില്‍ മഴയില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് താഴ്ന്ന് വരുന്നതെയുള്ളു. എറണാകുളത്തും മലപ്പുറത്തും ഒഴുക്കില്‍ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്തിലെ വെണ്ടോറിലാണ് മഴ രണ്ട് ജീവനെടുത്തത്.ചേനക്കാല അയ്യപ്പന് (72) മകന് ബാബു (40) എന്നിവരാണ് മരിച്ചത്. മണ്ണ് കൊണ്ട് നിര്‍മിച്ച ഭിത്തിയുള്ള വീടായിരുന്നു ഇവരുടേത്. മഴയില്‍ ഭിത്തി തകര്‍ന്ന് വീട് നിലം പൊത്തുകയായിരുന്നു.എറണാകുളം ചേന്ദമംഗലത്ത് ഇന്നലെ ഒഴുക്കില്‍ പെട്ട അയ്യപ്പന്റെയും മലപ്പുറം മമ്പാട് ചാലിയാറിൽ ഒഴുക്കിൽപ്പെട്ട വണ്ടൂർ സ്വദേശി വ്രര്ജിനയുടെയും മൃതദേഹം കണ്ടെത്തി. ഇടുക്കിയില്‍ ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇടവിട്ട് മഴ ചെയ്യുന്നുണ്ട്. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറില്‍ 134.4 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയെങ്കിലും നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് കുറയുന്നില്ല.
ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് സംഭരണ ശേഷിയുടെ ഏഴുപത്തിയഞ്ച് ശതമാനത്തിന് മുകളിലാണ്. മൂലമറ്റത്ത് വൈദ്യുതോല്പാദനം കൂട്ടിയിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. എറണാകുളത്ത് ഇന്ന് കാര്യമായി മഴ പെയ്തിട്ടില്ല. പറവൂരില്‍ പുഴയില്‍ ഇന്നലെ വൈകീട്ട് പുഴയില്‍ വീണയാള്‍ മരിച്ചു. ചേന്ദമംഗലം പഴമ്പിള്ളി തുരുത്തില് അയ്യപ്പനാണ് മരിച്ചത്. പിറവത്ത് ഇന്നലെ വൈകിട്ട് ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കോട്ടയത്ത് ഇന്ന് മഴ കുറവാണെങ്കിലും വെള്ളക്കെട്ട് കുറഞ്ഞ് വരുന്നതേയുള്ളു. എണ്ണായിരത്തോളം കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.