അഭിമന്യു വധം: കൊലയാളികളെ ഏര്‍പെടുത്തിയത് ക്യാംപസ് ഫ്രണ്ട് നേതാവ്
|പുറത്തു നിന്നുള്ള സംഘത്തെ എത്തിക്കാന്‍ നേതൃത്വം നല്‍കിയത് ആരിഫ്. കൊലപാതകത്തിന്റെ സ്വഭാവം പ്രതികളുടെ ക്രിമിനല്‍ പ്രാവീണ്യം തെളിയിക്കുന്നതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്...
മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിക്കാന്‍ കൊലയാളി സംഘത്തെ ഏര്‍പാടാക്കുന്നതിന് നേതൃത്വം വഹിച്ചത് ക്യാംപസ് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സിലിമെന്ന് പോലിസ്. കേസിലെ ഒന്നാം പ്രതി മുഹമ്മദടക്കമുള്ള എസ്ഡിപിഐ പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഇതിനായി ഗൂഡാലോചന നടത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിക്കാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു. പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒന്നാം പ്രതി മുഹമ്മദ് കേസിലെ മറ്റൊരു പ്രതിയായ ആരിഫ് ഏര്‍പാടാക്കി കൊടുത്ത ബിലാല്‍, ഫാറുഖ്, റിയാസ് ആദില്‍ എന്നീ പ്രതികളൊടൊപ്പം രാത്രി 8.30ന് കോളജിലെത്തി. കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് നടത്താന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളുമായി ഗൂഢാലോചന നടത്തി സ്ഥലത്തെത്തിയ റജീബ്, അബ്ദുള്‍ നാസര്‍, തന്‍സില്‍ എന്നിവരൊടുടെ സഹായത്തോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ചുവരെഴുത്ത് മായ്ച്ചു.
ചുവരെഴുത്തിന്റെ ചിത്രം മുഹമ്മദ് മുഖ്യപ്രതിയായ ആരിഫിന് വാട്‌സ് ആപ്പ് മുഖേന അയച്ചു. എസ്എഫ്‌ഐയുടെ എതിര്‍പ്പിനെ കായികമായി നേരിടാന്‍ കൂടുതല്‍ ആളുകളെ അയക്കണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച് സ്ഥലത്തെത്തിയ പ്രതികളുമായി ചേര്‍ന്നാണ് അഭിമന്യുവിനെ കൊലപെടുത്തിയത്. പ്രതികള്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. കൊലക്കുപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ സമര്‍പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ഒന്നാം പ്രതി മുഹമ്മദിനെയും 25ാം പ്രതി ഷാനവാസിനേയും കോടതി ഏഴ് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന്റെ സ്വഭാവം പ്രതികളുടെ ഉദ്ദേശവും കരുതലും പ്രാവീണ്യം തെളിയിക്കുന്നതാണെന്ന് അഞ്ചാം പ്രതി ആദിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും പൊലീസ് വ്യക്തമാക്കുന്നു.