മഴ തുടരുന്നു: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍
|സഹമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം, എറണാംകുളം ജില്ലകളില്‍ സംഘം ഇന്ന് സന്ദര്‍ശനം നടത്തും
കാലവർഷക്കെടുതി വിലയിരുത്താൻ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം, എറണാംകുളം ജില്ലകളില്‍ സംഘം ഇന്ന് സന്ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സംഘത്തിലുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരടങ്ങുന്ന സംഘത്തിനൊപ്പം സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാറും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദേശീയ ദുരന്തനിവാരണ അതോറിട്ടി അംഗം ആർ.കെ.ജയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ജിൻഡാൾ, ദേശീയ ദുരന്ത പ്രതികരണ സേന ഐ.ജി.രവി ജോസഫ് ലോക്കു, തുടങ്ങിയവരാണ് മന്ത്രിമാരെക്കൂടാതെ സംഘത്തിലുണ്ടാവുക.
സംഘം കൊച്ചിയിൽ നിന്ന് രാവിലെ പത്തരയ്ക്ക് ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തും. തുടർന്ന് ദുരിതബാധിത പ്രദേശങ്ങളും കുപ്പപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് കോട്ടയത്തേക്ക് പോകുന്ന സംഘം വൈകിട്ട് ചെല്ലാനത്തെത്തും. ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുപ്പപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം