എസ്. ഹരീഷിന് പിന്തുണയുമായി മന്ത്രി സുധാകരനും ചെന്നിത്തലയും
|പ്രസിദ്ധീകരണം തുടരണമെന്ന് പറഞ്ഞ മന്ത്രി മതമൌലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്തരുതെന്നും ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് നോവല്‍ പിന്‍വലിച്ച എസ്. ഹരീഷിന് പിന്തുണയുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പ്രസിദ്ധീകരണം തുടരണമെന്ന് പറഞ്ഞ മന്ത്രി മതമൌലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്തരുതെന്നും ആവശ്യപ്പെട്ടു. പൌര സമൂഹവും സാഹിത്യകാരന്മാരും ശക്തമായി ഇതിനെതിരെ പ്രതികരിക്കണമെന്നും ജി സുധാകരന്‍ മലപ്പുറത്ത് ആവശ്യപ്പെട്ടു.
എഴുത്തുകാരനെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് മടിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് നാണക്കേടാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഇല്ലായ്മ ചെയ്യാന്‍ സംഘപരിവാരം മടിക്കാറില്ല. ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് മീശ എന്ന പേരില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ ഹരീഷ് പിന്‍വലിച്ചത്. ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ വ്യാപകമായി തന്നെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നു. നോവലിന്റെ മൂന്ന് ലക്കങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്നതായിരുന്നു നോവലിന്റെ ഇതിവൃത്തം.