ലോറി സമരം അഞ്ചാംദിവസം: പഴം, പച്ചക്കറി വില വര്‍ധിക്കുമെന്ന് ആശങ്ക
|സമരം ജനജീവിതത്തെ ബാധിക്കുന്നതായി കാട്ടി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രത്തിന് കത്തയച്ചു. കാലവര്‍ഷ കെടുതിക്ക് പിന്നാലെ ചരക്ക് നീക്കം തടസപ്പെടുന്നത് ദുരിതം വിതയ്ക്കും.
അഞ്ചാം ദിവസത്തിലേക്ക് കടന്ന ലോറി സമരം ചരക്ക് നീക്കത്തെ ബാധിച്ചു തുടങ്ങി. പഴം,പച്ചക്കറിയടക്കമുള്ളവയുടെ വില വര്‍ദ്ദിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ സമരക്കാര്‍ തടഞ്ഞ പച്ചക്കറി ലോറികള്‍ക്ക് ചെക്ക് പോസ്റ്റ് ജീവനക്കാര്‍ പിഴയിട്ടത് വിവാദമായി. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
സമരം തുടങ്ങി അഞ്ച് ദിവസമായതോടെ കമ്പോളത്തിലും പ്രതിഫലിച്ചു തുടങ്ങി. പതിവായെത്തിയിരുന്ന അത്രയും ലോഡ് നിലവില്‍ എത്തുന്നില്ല. ഇത് വരും ദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക.
സമരം ജനജീവിതത്തെ ബാധിക്കുന്നതായി കാട്ടി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു. കാലവര്‍ഷ കെടുതിക്ക് പിന്നാലെ ചരക്ക് നീക്കം തടസപ്പെടുന്നത് ദുരിതം വിതയ്ക്കും. അതിനാല്‍ സമരം ഒത്തുതീര്‍ക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്നാണ് കത്തിലെ ആവശ്യം.
മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പച്ചക്കറിയുമായി വന്ന ലോറികള്‍ സമരക്കാര്‍ തടഞ്ഞു. സമരക്കാരുടെ ആവശ്യ പ്രകാരം അമിതാഭാരം ചൂണ്ടികാട്ടി ലോറികള്‍ക്ക് ചെക്ക് പോസ്റ്റ് ജീവനക്കാര്‍ പിഴയിടുകയും ചെയ്തു. മീഡിയ വണ്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതോടെ പോലീസ് ഇടപെട്ട് ലോറികള്‍ വിട്ടയച്ചു. സമരം തുടര്‍ന്നാല്‍ അവശ്യ വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.