ഹൈറേഞ്ച് മേഖലയില്‍ മഴ വീണ്ടും കനത്തു
|തൊടുപുഴ, പീര്മേട് ഒഴികെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ വീണ്ടും കനത്തു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ വാളറയില്‍ റോഡ് തകര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കട്ടുമുണ്ടായി ഗതാഗതം തടസപ്പെട്ടു. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. തൊടുപുഴ, പീര്മേട് ഒഴികെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഹൈറേഞ്ച് മേഖലയിലാണ് വീണ്ടും മഴ കനത്തത്. കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ വാളറയില്‍ റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗം ഒറ്റവരിയാക്കി നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാരമേറിയ വാഹനങ്ങള്‍ നേര്യമംഗലം പനംകുട്ടി വഴിയും, ചെറുവാഹനങ്ങള്‍ വാളറ വടക്കേച്ചാല്‍ കാവേരിപ്പടിവഴിയുമാക്കിയാണ് കടത്തിവിടുന്നത്.
കൂമ്പന്‍പാറ, കല്ലാര്‍കുട്ടി, ആനവിരട്ടി, മുരിക്കാശേരി തുടങ്ങിയ സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മാങ്കുളം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. അടിമാലിയുടെ വിവിധ പ്രദേശങ്ങള്‍ ഇരുമ്പുപാലം, പടിക്കപ്പ് തുടങ്ങിയ വിവിധ മേഖലകള്‍ വെള്ളത്തിലായി. മൂന്നാറിനു സമീപം കല്ലാര്‍ കരകവിഞ്ഞ് റോഡില്‍ വെള്ളം കയറി. ദേവിയാര്‍ പുഴ കരകവിഞ്ഞു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2387 അടിയായി ഉയര്‍ന്നു. 2400 അടിയായല്‍ ഡാം തുറക്കേണ്ടിവരും. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135.5 അടിയാണ്. ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി നല്‍കി. ഹൈറേഞ്ചിലെ യാത്രകള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.