ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
|ആലപ്പുഴയില്‍ മഴ കുറഞ്ഞു; കോട്ടയം ജില്ലയിലെ ജനജീവിതം സാധാരണ നിലയിലായി.
കനത്തമഴ ദുരിതം വിതച്ച ആലപ്പുഴയില്‍ മഴ കുറഞ്ഞു. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കോട്ടയം ജില്ലയിലെ ജനജീവിതം സാധാരണ നിലയിലായി.
കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ മടങ്ങിത്തുടങ്ങിയിട്ടില്ല. കുടിവെള്ള ദൌര്‍ലഭ്യവും മരുന്നുകളുടെ അഭാവവുമാണ് ക്യാമ്പുകളില്‍ കഴിയുന്നവരെ വലയ്ക്കുന്നത്. പാലങ്ങളും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളുമാണ് താല്‍കാലിക ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.
മെഡിക്കൽ കോളജ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 40 അംഗ മെഡിക്കല്‍ സംഘം കുട്ടനാട്ടിലേക്ക് തിരിച്ചു. മട വീണതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കി. ഒരു ക്യാമ്പിന് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവന്യു വകുപ്പ് ജീവനക്കാരെ വിന്യസിച്ചു. 106 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ടയില്‍ അവശേഷിക്കുന്നത് അപ്പര്‍കുട്ടനാട്ടിലെ 21 എണ്ണം മാത്രം.
കോട്ടയത്ത് മഴ ശമിച്ചതോടെ മിക്ക ഇടങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി. 182 ദുരിതാശ്വാസ കാമ്പുകളുണ്ടായിരുന്നു ജില്ലയില്‍ ഇപ്പോള്‍ 47 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ചങ്ങാനാശ്ശേരി വൈക്കം ഭാഗത്താണ് ദുരിതാശ്വാസ ക്യാമ്പുകളുള്ളത്.
ഇടുക്കി ജില്ലയില്‍ കുമളി, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളില്‍ മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2388.65 അടിയായി ഉയര്‍ന്നു. മുലപ്പെരിയാറിലെ ജലനിരപ്പ് 135.45 ആയി. മലമ്പുഴ ഡാമിലെ ജലനിരപ്പ് സംഭരണശേഷി അടുത്തതോടെ കലക്ടര്‍ രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.