Kerala
മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മാത്യു ടി തോമസ്
Kerala

മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മാത്യു ടി തോമസ്

Web Desk
|
25 July 2018 12:54 AM GMT

എല്ലാ മാസവും നേതൃത്വവുമായി കൂടികാഴ്ച നടത്താറുണ്ട്. അത്ര മാത്രമാണ് ഡൽഹി സന്ദർശനത്തിൽ ഉള്ളതെന്നും മാത്യു ടി തോമസ്

മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അങ്ങനെ ഒരു ചർച്ചയും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. എല്ലാ മാസവും നേതൃത്വവുമായി കൂടികാഴ്ച നടത്താറുണ്ട്. അത്ര മാത്രമാണ് ഡൽഹി സന്ദർശനത്തിൽ ഉള്ളതെന്നും മാത്യു ടി തോമസ് പറഞ്ഞു.

മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസ് സംസ്ഥാന നേതൃത്വത്തിലുണ്ടായ തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. തുടര്‍ന്ന് മാത്യു ടി തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്ചക്ക് നടത്തി, കേന്ദ്ര തീരുമാനം അഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ പ്രതികരിച്ചിരുന്നു. ഇത് മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനാണെന്ന് പ്രചരണമുണ്ടായിരുന്നു. കേന്ദ്ര തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മാത്യു ടി തോമസും പ്രതികരിച്ചു.

മന്ത്രിസ്ഥാനത്തു നിന്ന് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍ കുട്ടിയും അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുന്നവരും കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന നേതാക്കളില്‍ പലരും ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡയെ നേരിട്ട് കണ്ടും പരാതി ഉന്നയിച്ചു. ഈ പശ്ചാത്തലത്തിലാണ് ദേവഗൌഡ, മാത്യു ടി തോമസിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തിയത്.

മാത്യു ടി തോമസിന്റെ മന്ത്രിപദത്തിലെ പ്രകടനം മോശമാണ്, മന്ത്രിയാകാത്ത മുതിര്‍ന്ന നേതാവ് കെ കൃഷ്ണന്‍ കുട്ടിക്ക് മന്ത്രിപദം നല്‍കണം, 2 വര്‍ഷത്തിന് ശേഷം മന്ത്രിപദം ഒഴിയുമെന്ന ധാരണയുണ്ടായിരുന്നു എന്നീ ആരോപണങ്ങളാണ് കൃഷ്ണന്‍കുട്ടി വിഭാഗം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന കൌണ്‍സില്‍, എക്സിക്യൂട്ടിവ് യോഗങ്ങള്‍ക്ക് ശേഷം ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി നല്‍കിയ റിപ്പോര്‍ട്ടും മുന്നണിയെയും സര്‍ക്കാരിനെയും നയിക്കുന്ന സിപിഎം നിലപാടും പരിഗണിച്ചായിരിക്കും കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.

Related Tags :
Similar Posts