ലീഗ് നേതാവും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മൃതദേഹം ഖബറടക്കി
|ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. നാല് തവണ മഞ്ചേശ്വരത്ത് നിന്ന് എം.എല്‍.എയായി.
അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ മൃതദേഹം ഖബറടക്കി. നൂറ് കണക്കിന് പേരാണ് ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ ചെര്‍ക്കള വലിയ ജുമാ മസ്ജിദില്‍ എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അബ്ദുല്ലയുടെ മരണം.
ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു ചെര്‍ക്കുളം അബ്ദുല്ലയുടെ അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് മാറ്റിയത്. വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ചെര്‍ക്കള വലിയ ജുമാ മസ്ജിദില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.
നൂറ് കണക്കിന് പേരാണ് പൊതു ദര്‍ശനത്തിനും ഖബറടക്കത്തിനും എത്തിയത്. സാമുഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ വസതിയിലെത്തി. കാസര്‍കോട് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ചെര്‍ക്കളമെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ചെര്‍ക്കളം അബ്ദുല്ലയുടെ മരണം സമൂഹത്തിനും പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മികച്ചമന്ത്രിയായിരുന്നു ചെര്‍ക്കളമെന്ന് എകെ ആന്റണിയും അനുസ്മരിച്ചു.