Kerala
കോട്ടയം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ, ദുരിതം തീരാതെ കുട്ടനാട്
Kerala

കോട്ടയം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ, ദുരിതം തീരാതെ കുട്ടനാട്

Web Desk
|
27 July 2018 8:26 AM GMT

അതേ സമയം നീരൊഴുക്ക് ശക്തമായി തുടർന്നാൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു

കോട്ടയം ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. കിഴക്കൻ മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പുയർന്നു. അപ്പർ കുട്ടനാടൻ മേഖലയിൽ ഇതോടെ വീണ്ടും വെള്ളം കയറി തുടങ്ങി.അതേ സമയം നീരൊഴുക്ക് ശക്തമായി തുടർന്നാൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

കോട്ടയം നഗരത്തിലും പടിഞ്ഞാറൻ മേഖലയിലും മഴ മാറി നിൽക്കുന്നുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ മഴ ശക്തമായതാണ് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. ഇന്നലെ രാത്രി ഒരടിയോളം വെള്ളം ഉയർന്നു എന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ദിവസം കൂടി മഴ തുടർന്നാൽ മീനച്ചിലാറിന് തീരങ്ങളും പടിഞ്ഞാറൻ മേഖലയും വീണ്ടും വെള്ളത്തിനടിയിലാകും.

കിഴക്കൻ മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. താഴുന്ന പ്രദേശങ്ങളിലെല്ലാം വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. അതേസമയംശക്തമായ നീരൊഴുക്ക് തുടര്‍ന്നാല്‍ ഒരാഴ്ചക്കകം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.ജല നിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ല ഭരണകൂടം അറിയിച്ചു.

ദുരിതം തീരാതെ കുട്ടനാട്

കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്ക ദുരിതം തീരുന്നില്ല. പമ്പയാറിന്റെ തീരത്തുള്ള പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പുയർന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു.

പമ്പയാറിന്റെ തീരപ്രദേശങ്ങളിൽ ഇന്നലെ രാത്രിയോടെയാണ് ജലനിരപ്പുയർന്നത്. വിവിധ ഡാമുകൾ തുറന്നതിനെത്തുടർന്നാണ് ജലനിരപ്പുയർന്നതെന്ന് നാട്ടുകാർ പറയുന്നു. മറ്റു പലയിടങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങി. എന്നാൽ ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിൽ മട വീണ പാടങ്ങൾക്ക് സമീപം ഇപ്പോഴും വീടുകൾ വെള്ളത്തിനടിയിലാണ്. ചമ്പക്കുളത്തെയും കൈനകരിയിലെയും വിവിധ പ്രദേശങ്ങൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ദുരിതബാധിതർക്ക് അടിയന്തരമായി നൽകേണ്ട സഹായം ഉടൻ നൽകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നിരവധിയാളുകൾക്ക് ഇപ്പോഴും സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല.

Related Tags :
Similar Posts