ചരിത്രകാരൻ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു
|അയ്യങ്കാളിയുടെ ജീവചരിത്രം ഉള്‍പ്പെടെ നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.
പ്രമുഖ ചരിത്രകാരനും കേരളത്തിൽ കീഴാള ചരിത്ര രചനക്ക് തുടക്കം കുറിച്ച എഴുത്തുകാരനുമായ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. അയ്യങ്കാളിയുടെ ജീവചരിത്രം ഉൾപ്പെടെ അമ്പതോളം കൃതികളുടെ കർത്താവാണ്. സംസ്കാരം നാളെ രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
കണ്ണൻ തിരുവന്റേയും ആനിച്ചന്‍ ആനിമയുടേയും മൂത്ത പുത്രനായി 1928 ജൂലൈ 29ന് തിരുവല്ല ഓതറയിലാണ് ടി.എച്ച്.പി ചെന്താരശ്ശേരി എന്ന് പ്രസിദ്ധനായ ടി ഹീരാപ്രസാദ് ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിൽ പഠനം. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലി.
ചരിത്രകാരൻ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചരിത്രഗ്രന്ഥത്തെക്കുറിച്ചുള്ള നിരൂപണ ഗ്രന്ഥം രചിച്ചാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. കേരളത്തിലെ കീഴാള ചരിത്രത്തെ അതിന്റെ വ്യാപ്തിയിൽ രേഖപ്പെടുത്തുന്നതാണ് പിന്നീട് കേരളം കണ്ടത്. അയ്യന്‍കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി.എച്ച്.പി ചെന്താരശ്ശേരിയാണ്.
ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നിവരുടെ ജീവചരിത്രങ്ങളും എഴുതി. കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍, കേരള ചരിത്രധാര, കേരള ചരിത്രത്തിനൊരു മുഖവുര, അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യ സമരങ്ങള്‍, കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യന്‍കാളി തുടങ്ങിയ ഗ്രന്ഥങ്ങൾ ടി.എച്ച്.പിയെ ചരിത്ര രചനാ രംഗത്തെ വ്യത്യസ്ത അനുഭമാക്കി. നോവല്‍, നാടകം, യാത്രാവിവരണങ്ങള്‍ എന്നിവയും ടി.എച്ച്.പിയുടെ രചനാ ലോകത്തിന്റെ ഭാഗമാണ്. ടി ഹീരാപ്രസാദ് എന്ന പേരില്‍ ഇംഗ്ലീഷിലും എഴുതി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷനല്‍ ദലിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍ നാഷനല്‍ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഓർമക്കുറവ് ബാധിച്ച് ചികിത്സയിലായിരുന്നു 89 വയസുകാരനായ ചെന്താരശ്ശേരി. സ്വകാര്യ ആശുപത്രിയിൽ രാവിലെ 3 മണിയോടെ അന്ത്യം സംഭവിച്ചു. ഭാര്യ കമലം 2007ൽ മരിച്ചു. 5 മക്കളുണ്ട്.