Kerala
കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പൊലീസ് സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം 
Kerala

കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പൊലീസ് സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം 

Web Desk
|
27 July 2018 7:25 AM GMT

പൊലീസ് കോണ്‍സ്റ്റബിള്‍ ശ്രീകല, ഡ്രൈവര്‍ നൌഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കൊട്ടിയത്ത് നിന്ന് കാണാതായ ഹസീനയെ കണ്ടെത്തി തിരികെവരുമ്പോഴാണ് അപകടം.

അമ്പലപ്പുഴ കരൂരിൽ കാറും കണ്ടെയ്‍നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ പൊലീസ് കോണ്‍സ്റ്റബിളടക്കം മൂന്ന് പേര്‍ മരിച്ചു. കൊട്ടിയത്ത് നിന്ന് കാണാതായ യുവതിയെ കണ്ടെത്തി തിരികെ വരുമ്പോഴായിരുന്നു അപകടം. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാലേ കാലോടെ പുറക്കാട് ഗവൺമെന്റ് ന്യൂ എൽപി സ്കൂളിന് മുന്നിലായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ എതിരെ വന്ന കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വള്ളക്കാരാണ് തകർന്ന കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

കൊല്ലം കൊട്ടിയം സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീകല, കാർ ഡ്രൈവർ നൗഫൽ എന്നിവരും ഹസീനയെന്ന പെൺകുട്ടിയുമാണ് മരിച്ചത്. കോൺസ്റ്റബിളായ നിസാറിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയെ കാണാനില്ലെന്ന പരാതി അന്വേഷിച്ച് കണ്ടെത്തി കൊല്ലത്തേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം.

Related Tags :
Similar Posts