ലാവ്‌ലിനില്‍ പിണറായി വിചാരണ നേരിടണമെന്ന് സി.ബി.ഐ
|കരാറിലെ മാറ്റം എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിക്ക് കോടികളുടെ ലാഭമുണ്ടാക്കി കൊടുത്തെന്നും സി.ബി.ഐ വ്യക്തമാക്കി
എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതാണെന്ന നിലപാടുമായി സി.ബി.ഐ സുപ്രീംകോടതിയില്‍. ലാവ്‌ലിന്‍ കരാറില്‍ മാറ്റം ഉണ്ടായത് പിണറായിയുടെ അറിവോടെയാണെന്നും സി.ബി.ഐ സുപ്രീംകോടതിയെ പുതിയ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കരാറിലെ മാറ്റം എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിക്ക് കോടികളുടെ ലാഭമുണ്ടാക്കി കൊടുത്തെന്നും സിബിഐ വ്യക്തമാക്കി.
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടേണ്ടവരെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍ ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ സര്‍പ്പിച്ച ഹര്‍ജിയും, ഒപ്പം ഈ വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലുമാണ് സുപ്രീംകോടതിയില്‍ ഉള്ളത്. അടുത്തമാസം 17 ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ യുടെ പുതിയ സത്യവാങ് മൂലം.
പിണറായി വിജയന്‍ വിചാരണ നേരിടുക തന്നെ വേണം. ലാവലിന്‍ കരാറില്‍ അദ്ദേഹമറിയാതെ മാറ്റമുണ്ടാകില്ല. 1996 ഫെബ്രുവരിയില്‍ കണ്‍സല്‍ട്ടന്‍സി കരാര്‍ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിതരണ സ്വഭാവത്തിലുള്ള കരാര്‍ ആയി മാറി. 1997 ല്‍ വൈദ്യുതിമന്ത്രി ആയിരിക്കെ പിണറായി എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയില്‍ പോയിരുന്നു. ഈസമയത്താണ് കരാറില്‍ നിര്‍ണായക മാറ്റമുണ്ടായതെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസില്‍ നിന്ന് പിണറായിയെയും ഊര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥരായിരുന്ന കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഇത്തരം വസ്തുതകള്‍ പരിഗണിച്ചില്ലെന്നും സിബിഐ ചൂണ്ടികാട്ടി. സിബിഐയുടെ അപ്പീലില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.