അനാഥാലയത്തിലെ ജീവിതം, ഇല്ലായ്മകളുടെ ബാല്യം; പാഠപുസ്തകമാണ് ഈ ഐഎഎസുകാരന്റെ ജീവിതം
|ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന പുസ്തകമാണ് മുഹമ്മദ് അലി ശിഹാബ് ഐഎഎസിന്റെ ആത്മകഥയായ വിരലറ്റം.
ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന പുസ്തകമാണ് മുഹമ്മദ് അലി ശിഹാബ് ഐഎഎസിന്റെ ആത്മകഥയായ വിരലറ്റം. തന്റെ ജീവിതാനുഭവങ്ങളെ സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് നാഗാലാന്റിലെ കിഫ്റെ ജില്ലയുടെ കലക്ടറായ മുഹമ്മദ് അലി ശിഹാബ്. പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് നടന്നു.
ഒരു പുസ്തകത്തിനുമപ്പുറത്ത് പലതുമാണ് വിരലറ്റം. ജീവിതത്തിലെ അതിതീക്ഷ്ണമായ അനുഭവങ്ങളെ മുഹമ്മദ് അലി ശിഹാബ് ആറ്റികുറുക്കിയെടുത്ത പുസ്തകം. അനാഥാലയത്തിലെ ജീവിതം, ഇല്ലായ്മകളിലൂടെയുള്ള പഠനം, വ്യത്യസ്തമായ തൊഴിലനുഭവങ്ങള്‍, സിവില്‍ സര്‍വ്വീസിലേക്കുള്ള ചുവടുവെപ്പുകള്‍. അങ്ങനെ വിരലറ്റം ഒരു പാഠപുസ്തകമാണ്. നാഗാലാന്റിലെ കിഫ്റി ജില്ലയിലെ കലക്ടറായ മുഹമ്മദ് അലി ശിഹാബിന്റെ ജീവിതം പകരുന്ന പാഠം.
എന്‍ എസ് മാധവന് പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഏറ്റുവാങ്ങിയത് ഒരിക്കല്‍ ശിഹാബിന് താങ്ങും തണലുമായിരുന്ന മുക്കം അനാഥാലയത്തിന്റെ ഭാരവാഹി മോയിന്മോന് ഹാജിയും. ശിഹാബിന്റെ നാട്ടുകാര്‍, സുഹൃത്തുക്കള്‍, അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമായി തീര്‍ന്നവര്‍ അങ്ങനെ വിപുലമായ സദസ്സിലായിരുന്നു പുസ്തക പ്രകാശനം.