കോതമംഗലം പ്രദേശത്തെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; വീടുകൾ ഭാഗികമായി വെള്ളത്തിനടിയില്‍
|ജാഗ്രതാ നിര്‍ദ്ദേശം നല്കാന് അധികാരികളാരും തയ്യാറാകാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്
എറണാകുളം കോതമംഗലം പ്രദേശത്തെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. നിരവധി വീടുകൾ ഭാഗികമായി വെള്ളത്തിനടിയിലായി. ജാഗ്രതാ നിര്‍ദ്ദേശം നല്കാന് അധികാരികളാരും തയ്യാറാകാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ വാളാച്ചിറ ,പല്ലാരിമംഗലം പഞ്ചായത്തിലെ കൂറ്റം വേലി, മണിക്കിണർ പ്രദേശത്തെ പരീക്കണ്ണി പുഴയോരത്തെ നിരവധി വീടുകളിൽ വെള്ളം കയറി, ശക്തമായ ഒഴുക്കിൽ മണിക്കിണർ പാലത്തിന്റെ കൈവരി തകര്‍ന്നു. ഇടുക്കി ജില്ലയിലുളള വനമേഖലയില്‍ പെയ്ത മഴയാണ് വെളളപ്പൊക്കത്തന് കാരണം. മുള്ളരിങ്ങാട് നിന്നും ആരംഭിക്കുന്ന പുഴ കോതമംഗലം വഴി മുവാറ്റുപുഴയാറിലാണ് ചെന്ന് ചേരുന്നത്. വെളുപ്പിന് അഞ്ച് മണിയോടെ പെട്ടെന്ന് പുഴയിൽ ക്രമാതീതമായി വെള്ളം പൊങ്ങുകയും സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് പെട്ടെന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു. മഴ ശക്തമായാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
പുഴയുടെ ഉത്ഭവ പ്രദേശമായ മുള്ളരിങ്ങാട്, തൊമ്മന് കുത്ത് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായെന്നാണ് സംശയം. പ്രദേശത്ത് കഴിഞ്ഞ അർദ്ധരാത്രി രണ്ട് മണിക്കൂറോളം തുടർച്ചയായി പെയ്ത മേഘ സ്ഫോടനമുണ്ടായി.