ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചതില്‍ പ്രത്യേകം കേസെടുക്കും
|കോടതിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കും
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താൻ ആഗസ്ത് 3ന് ജലന്ധറിലേക്ക് പോകും. കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. അതേസമയം പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുന്നതിന് കോടതിയിൽ അപേക്ഷ നൽകി.
കേരളത്തിലെ അന്വേഷണം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാം തിയതി ജലന്ധറിന് പോകാൻ അന്വേഷണസംഘം ടിക്കറ്റ് ബുക്ക് ചെയ്തു. എഴുതി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യം ചെയ്യൽ. ജലന്ധറിന് പോകുന്നതിന് മുന്നോടിയായി ഡിജിപി അന്വേഷണസംഘത്തെ കാണാം. ഒന്നാം തിയതി കോട്ടയത്തെത്തിയാകും ഡിജിപി അന്വേഷണ സംഘത്തെ കാണുക.
അതേസമയം കന്യാസ്ത്രീയുടെ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രത്യേക കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചു. സി.എം.ഐ വൈദികൻ ജെയിംസ് ഏർത്തയിൽ നടത്തിയ ഫോൺ സംഭാഷണവും കന്യാസ്ത്രീയുടെ സുഹൃത്തിന്റെ മൊഴിയും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.