വിദേശപഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍
|സര്‍ക്കാറിന്റെ സ്കോളര്‍ഷിപ്പ് തുക കിട്ടണമെങ്കില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകണം. അതായത് പ്രവേശനത്തിന് ആവശ്യമായ തുക വിദ്യാര്‍ത്ഥി ആദ്യം സ്വന്തം നിലയില്‍ കണ്ടെത്തണം. ഇത് കണ്ടെത്താന്‍ കഴിയാത്തതാണ്
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളില്‍ വിദേശ പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ചവരുടെ പഠനം അനിശ്ചിതത്വത്തില്‍. കോഴ്സിന് അഡ്മിഷന് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞുമാത്രമെ സ്കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ നല്‍കൂ. ലക്ഷങ്ങള്‍ മുടക്കി വിദേശത്ത് പോകാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ ഭാവി ഇതോടെ അവതാളത്തിലായി.
ഇത് കോഴിക്കോട് അത്തോളി സ്വദേശി അഖില്‍ കൃഷ്ണ. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്ക്കുന്ന വിദേശ പഠനത്തിനുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ അഖിലിന് ക്യൂന്‍സ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി അകൌണ്ടിംഗ് ആന്റ് ഫിനാന്‍സ് കോഴ്സിന് അഡ്മിഷന് ലഭിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ ഉണ്ടെങ്കില്‍ മാത്രമെ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാറിന്റെ സ്കോളര്‍ഷിപ്പ് തുക കിട്ടണമെങ്കില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകണം. അതായത് പ്രവേശനത്തിന് ആവശ്യമായ തുക വിദ്യാര്‍ത്ഥി ആദ്യം സ്വന്തം നിലയില്‍ കണ്ടെത്തണം. ഇത് കണ്ടെത്താന്‍ കഴിയാത്തതാണ് അഖിലിനെ പോലുള്ളവരെ പ്രതിസന്ധിയിലാക്കുന്നത്.
ഇത് അഖിലിന്റെ മാത്രം അവസ്ഥയല്ല. സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടും നിരവധി വിദ്യാര്‍ഥികളാണ് പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നത്. സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നിന്നാല്‍ പ്രശ്നം പരിഹരിക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദേശ സ്കോളര്‍ഷിപ്പിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.