തൃശൂരില്‍ തീരദേശ മേഖലയില്‍ കനത്ത മഴ; അതിരപ്പിള്ളി അടച്ചു
|പീച്ചി അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചപ്പോള്‍ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം കനത്ത മഴയെ തുടര്‍ന്ന് അടച്ചു
തൃശൂരില്‍ തീരദേശ മേഖലയില്‍ കനത്ത മഴ തുടരുന്നു. കടലാക്രമണം രൂക്ഷമായത് മൂലം പല വീടുകളും വെള്ളം കയറി വാസയോഗ്യമല്ലാതായി. തീരദേശ റോഡുകള്‍ പലതും തകര്‍ന്നു. പീച്ചി അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചപ്പോള്‍ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം കനത്ത മഴയെ തുടര്‍ന്ന് അടച്ചു.
തീരദേശ മേഖലയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. ഏറിയാട്, ഏത്തായ്, ഗണേശമംഗലം, ചാവക്കാട് തുടങ്ങിയ തീരദേശ മേഖലകളെയാണ് കനത്ത മഴ കാര്യമായി ബാധിച്ചത്. ഇവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ഗുരുവായൂരില്‍ നാല് വീടും ഒരു റിസോട്ടും കടലാക്രമണത്തില്‍ തകര്‍ന്നു. നഗരങ്ങളില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്കയിലാണ് നഗരവാസികള്‍.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ പീച്ചി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. രാവിലെ ഷട്ടറുകള്‍ അഞ്ചിഞ്ചായാണ് ഉയര്ത്തിരുന്നതെങ്കില് ഉച്ചയോടെ ഇത് ഇരുപത് ഇഞ്ചായി ഉയര്‍ത്തി. അണക്കെട്ടിന്റെ സമീപത്തും വെള്ളം കയറിയിട്ടുണ്ട്. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിരിപ്പിള്ളി മേഖലയിലും കനത്ത മഴയാണ്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അതിരപ്പിള്ളിയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാല്‍ കോട്ടപ്പുറം പുഴ മുതല്‍ അഴീക്കോട് അഴിമുഖം വരെ വെളളം ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ജില്ലാഭരണകൂടം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.