സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങള്‍: ജെയിംസ് ഏര്‍ത്തയിലിന്റെ അറസ്റ്റ് ഉടന്‍
|ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത് വിവാദമായതോടെയാണ് പൊലീസ് വൈദികനായ ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസ് എടുത്തത്.
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ജെയിംസ് ഏര്‍ത്തയിലിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ജെയിംസ് ഏര്‍ത്തയിലിനെതിരെ ചുമത്തിയിരിക്കുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത് വിവാദമായതോടെയാണ് പൊലീസ് വൈദികനായ ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസ് എടുത്തത്. പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐപിസി 214,506, കെ പി ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. എന്നാല്‍ ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാകും വൈദികന്റെ അറസ്റ്റ്. പ്രത്യേക കേസായി പരിഗണിക്കുന്നതിനാല്‍ കുറവിലങ്ങാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വൈദികനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഒപ്പം ശബ്ദപരിശോധനയും നടത്തും.
അതേസമയം ബിഷപ്പിന്റെ മൊഴിയെടുക്കലിന്റെ മുന്നോടിയായി അന്വേഷണ സംഘം ഡിജിപിയുമായി നാളെ കൂടിക്കാഴ്ച നടത്തും. ഡിജിപിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും അന്വേണ സംഘം ജലന്ധറിലേക്ക് പോകുക.