വെള്ളം വറ്റിക്കാന്‍ നടപടിയില്ല; കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം തുടരുന്നു
|ഒറ്റപ്പെട്ട അവസ്ഥയില്‍ ചമ്പകുളം, കൈനകരി പഞ്ചായത്തുകള്‍; പലയിടങ്ങളിലേക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പോലും എത്തുന്നില്ലെന്ന് പരാതി
മഴ നിന്നെങ്കിലും മടവീഴ്ച പരിഹരിക്കാന്‍ കഴിയാത്തത് മൂലം കുട്ടനാടന്‍ മേഖലയില്‍ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളിലാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഇതില്‍ ചമ്പക്കുളം പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തകരും അവശ്യ സാധനങ്ങളും എത്തിച്ചേരുന്നില്ലെന്ന പരാതിയുമുണ്ട്.
മടവീഴ്ചയുണ്ടായ സ്ഥലങ്ങളില്‍ അത് പരിഹരിച്ച് വെള്ളം വറ്റിക്കാന്‍ നടപടിയില്ലാത്തതിനാലാണ് പാടങ്ങളിലും സമീപത്തുള്ള വീടുകളിലും ഇപ്പോഴും വെള്ളം കയറിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രശ്നം കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളിലാണ്. ഇവിടങ്ങളില്‍ പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തകരും അവശ്യ സാധനങ്ങളും വേണ്ടത്ര എത്തുന്നില്ല എന്ന പരാതിയുണ്ട്.
കൃഷി പൂര്‍ണമായി നഷ്ടപ്പെട്ടതിനാല്‍ വെള്ളം അടിച്ചു വറ്റിക്കാന്‍ ചില പാടശേഖര സമിതികള്‍ വലിയ താല്പര്യം കാണിക്കാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് അടിയന്തരമായി ഇടപെട്ടാലേ അത്തരം പ്രദേശങ്ങളില്‍ പ്രശ്നം പരിഹരിക്കപ്പെടൂ. എന്നാല്‍ കാലതാമസം ഒഴിവാക്കുന്നതിനായി ടെണ്ടര്‍ വിളിക്കാതെ പാടശേഖരസമിതികള്‍ മടകുത്തി വെള്ളം വറ്റിച്ചാല്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷേ സര്‍ക്കാരില്‍ നിന്ന് ചെലവായ പണം പൂര്‍ണമായും ലഭിക്കുമോയെന്നും കൃത്യ സമയത്ത് ലഭിക്കുമോയെന്നുമെല്ലാമുള്ള സംശയങ്ങള്‍ പാടശേഖര സമിതികള്‍ക്കുമുണ്ട്.