Kerala
ശ്രീധരന്‍പിള്ളയിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് സമുദായസംഘടനകളെ
Kerala

ശ്രീധരന്‍പിള്ളയിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് സമുദായസംഘടനകളെ

Web Desk
|
31 July 2018 3:58 AM GMT

ലോക്‍സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രയോജനങ്ങളാണ് പിള്ളയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാമെന്നും കുമ്മനത്തെ മാറ്റിയതിൽ പ്രതിഷേധിച്ച ആർഎസ്എസിനെ മെരുക്കാമെന്നും 

ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർ.എസ്.എസിനെയും സമുദായ സംഘടനകളെയും അടുപ്പിക്കാനാണ് ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. എന്നാൽ ബിജെപിയുടെ സംസ്ഥാന നേതൃതലത്തില്‍ ഗ്രൂപ്പ് പ്രശ്നത്തെ നേരിടാൻ കഴിഞ്ഞെന്നു വരില്ല. ഗ്രൂപ്പ് പ്രവർത്തനം തടയാൻ കേരളത്തിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങൾക്ക് സംസ്ഥാനത്തിന് പുറത്ത് പ്രത്യേക ചുമതല നൽകാനാണ് സാധ്യത.

എൻഎസ്എസ്-എസ്എൻഡിപി അടക്കമുള്ള സമുദായ സംഘടനകളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് ശ്രീധരൻ പിള്ള. ഇതിൽ എൻഎസ്എസിന്റെ നിയമോപദേശകനും കേസുകൾ നടത്തുന്നയാളുമാണ് പിള്ള. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഉറ്റബന്ധം. ഇതുവഴി വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രയോജനങ്ങളാണ് പിള്ളയുടെ അധ്യക്ഷ പദവിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിച്ച് സംസ്ഥാനത്ത് എൻഡിഎ മുന്നണി പ്രവർത്തനം സജീവമാക്കാനാകുമെന്നാണ് മറ്റൊരു കണക്കുകൂട്ടൽ. കുമ്മനത്തെ മാറ്റിയതിൽ പ്രതിഷേധിച്ച ആർ എസ് എസിനെ മെരുക്കാനുമെന്നും കരുതുന്നു.

ഇതൊക്കെയാണെങ്കിലും ബിജെപി സംസ്ഥാന നേതൃതലത്തിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പ്രശ്നത്തെ ശമിപ്പിക്കാനായി എന്ന് വരില്ല. നേർക്കുനേർ നിൽക്കുന്ന ഗ്രൂപ്പുകൾക്ക് രണ്ടിനും ശ്രീധരൻ പിള്ളയുടെ വരവിൽ തൃപ്തരല്ല. ഇത് മുന്നിൽ കണ്ടാണ് ഇവിടെ നിന്നുള്ള ദേശീയ സമിതിയംഗങ്ങളെ മറ്റ് സംസ്ഥാനങ്ങളിൽ അധിക പാർട്ടി ചുമതല നൽകാനുള്ള തീരുമാനം. വി മുരളീധരന് പുറമേ പി കെ കൃഷ്ണദാസിനെയും മറ്റ് സംസ്ഥാനത്തേക്കയയ്ക്കാൻ സാധ്യതയുണ്ട്. ബൂത്ത് പ്രവർത്തനം ശക്തിപ്പെടുത്തി സംസ്ഥാനത്ത് സംഘടനാ പ്രവർത്തനം ഊർജിതമാക്കുക എന്നതാണ് ശ്രീധരൻ പിള്ളക്കു മുന്നിലെ പ്രധാന വെല്ലുവിളി.

Similar Posts