ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും
|ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍; ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനാഫലം അനുകൂലമായാല്‍ വൈദികനെ അറസ്റ്റ് ചെയ്തേക്കും;
ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഫാദർ ജയിംസ് ഏർത്തയിലിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഫോൺ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനാഫലം അനുകൂലമായ വൈദികനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. അതേസമയം ലൈംഗികാരോപണക്കേസിൽ അന്വേഷണപുരോഗതി വിലയിരുത്താൻ ഡിജിപി അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തും.
ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണക്കേസ് ഒതുക്കിത്തീർക്കാൻ സിഎംഐ സഭ വൈദികൻ ജെയിംസ് ഏർത്തയിൽ നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് ഇന്നലെ കുറവിലങ്ങാട്ട് മഠത്തിലെത്തി വൈദികൻ ഫോണിൽ സംസാരിച്ച് കന്യാസ്ത്രീയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഒപ്പം സംഭാഷണത്തിന്റെ പകർപ്പ് കന്യാസ്ത്രീയിൽ നിന്ന് ശേഖരിക്കുകയും ചെയ്തു. ശാസ്ത്രീയ പരിശോധനയിൽ വൈദികന്റെ ശബ്ദമാണെന്ന് തെളിഞ്ഞാൽ മാത്രമേ തുടർ നടപടികൾ ഉണ്ടാകും. ആയതിനാൽ വൈദികനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ശബ്ദസാമ്പിൾ ശേഖരിക്കാനും ആണ് അന്വേഷണസംഘത്തിന് തീരുമാനം.
അതേസമയം ബിഷപ്പിന് എതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് കോട്ടയത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എസ് പി ഹരിശങ്കർ എന്നിവരുമായി ഡിജിപി കൂടിക്കാഴ്ച നടത്തും. ഡിജിപിയുടെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ബിഷപ്പിനെ ജലന്ധർ പോയി ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്വേഷണസംഘം അന്തിമ തീരുമാനമെടുക്കുകയുള്ളൂ.