ഡിജിസിഎ പറഞ്ഞ സമയ പരിധി അവസാനിച്ചു; കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ എന്ന് പറക്കും
|ജൂലൈ 31 നകം കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറക്കുമെന്ന് നരേത്തെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ രാഷ്ട്രീയ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടുന്നു
കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ നീക്കങ്ങളില്‍ വീണ്ടും ആശങ്കയേറുന്നു. വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച തീരുമാനത്തിന് ഡിജിസിഎ പറഞ്ഞ സമയ പരിധി ഇന്നലെ അവസാനിച്ചെങ്കിലും ഇതുവരെ അറിയിപ്പൊന്നുമുണ്ടായിട്ടില്ല. ഈ കാലതാമസം വീണ്ടും ഒരു അട്ടിമറിയുടെ സൂചനയാണ് നല്‍കുന്നതെന്ന ആക്ഷേപവും ശക്തമായിക്കഴിഞ്ഞു.
കരിപ്പൂരിന്‍റെ കാര്യത്തിലെ ഡല്‍ഹിയിലെ നീക്കങ്ങളില്‍ ഒരു ഇടവേളക്ക് ശേഷം ആശാവഹമായ പുരോഗതി കണ്ട സമയയിരുന്നു ഇപ്പോഴത്തേത്. വലിയ വിമാനങ്ങള്‍ക്കായി റണ്‍വെ സജ്ജീകരിച്ചു കഴിഞ്ഞു. വിവിധ ജനപ്രതിനിധികളും ജനകീയ കൂട്ടായ്മകളും തുടരുന്ന പ്രതിഷേധത്തോട് കേന്ദ്ര വ്യാമയാന മന്ത്രി സുരേഷ് പ്രഭു അടക്കമുള്ളവര്‍ അനുഭാവ പൂര്‍വ്വം പ്രതികരിക്കുകയും ചെയ്തു. പക്ഷേ ഈ ശുഭ പ്രതീക്ഷയും അസ്ഥാനത്താകുമോ എന്ന ആശങ്കയാണ് ഒടുവില്‍ ഉയരുന്നത്.
വലിയ വിമാനങ്ങള്‍ ഇറക്കുന്ന കാര്യത്തില്‍ ഇന്നലത്തോടെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പെടെയുള്ളവര ഡി.ജി.സി.എ അറിയിച്ചിരുന്നു. പക്ഷേ ഇതുവരെ ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്ന് കണ്ണന്താനത്തിന്‍റെ ഓഫീസ് വ്യക്തമാക്കി. ജൂലൈ 31 നകം കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറക്കുമെന്ന് നരേത്തെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ രാഷ്ട്രീയ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടുന്നു.