Kerala
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം
Kerala

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം

Web Desk
|
1 Aug 2018 2:19 AM GMT

അഭിമന്യു വധക്കേസില്‍ ഇതുവരെ പതിനേഴ് പ്രതികളാണ് അറസ്റ്റിലായത്. നിലവിലെ പ്രതിപ്പട്ടികയിലുള്ളത് 26 പേര്‍. കേസിലെ മുഖ്യപ്രതികളില്‍ പലരും ഇനിയും പിടിയിലാകാനുണ്ട്.

‌മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു മാസം തികയുന്നു. അഭിമന്യു വധക്കേസില്‍ ഇതുവരെ പതിനേഴ് പ്രതികളാണ് അറസ്റ്റിലായത്. നിലവിലെ പ്രതിപ്പട്ടികയിലുള്ളത് 26 പേര്‍. കേസിലെ മുഖ്യപ്രതികളില്‍ പലരും ഇനിയും പിടിയിലാകാനുണ്ട്.

മൂന്നാറിലെ വട്ടവടയെന്ന പിന്നോക്ക ഗ്രാമത്തില്‍ നിന്ന് കുന്നോളം സ്വപ്നങ്ങളുമായി മഹാരാജാസില്‍ പഠിക്കാനെത്തിയ അഭിമന്യു ക്യാംപസ് ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായി പിടഞ്ഞ് വീണിട്ട് ഇന്നേക്ക് ഒരുമാസം. പ്രിയസഖാവിന്റെ വിടവാങ്ങലിനെ ഇനിയും ഉള്‍ക്കൊണ്ട് തുടങ്ങിയിട്ടില്ല മഹാരാജാസും അഭിമന്യുവിന്റെ സുഹൃത്തുക്കളും.

ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയും മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ജെ ഐ മുഹമ്മദും അടക്കം 17 ക്യാംപസ് ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതിനകം കേസില്‍ അറസ്റ്റിലായി. പിടിയിലായവരില്‍ 6 പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലയാളി സംഘത്തിലുണ്ടായിരുന്ന 9 പേര്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികളെ സഹായിച്ചവരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവരുമാണ് ശേഷിക്കുന്നവര്‍. കൊലയാളി സംഘത്തെ ഏര്‍പാടാക്കുന്നതിന് നേതൃത്വം വഹിച്ച ക്യാംപസ് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സലീമും കത്തിയെത്തിച്ചുവെന്ന പൊലീസ് പറയുന്ന സനീഷുമടക്കമുള്ള മുഖ്യപ്രതികള്‍ പലരും പിടിയിലാകാനുണ്ട്. കൊലയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ക്യംപസ് ഫ്രണ്ട്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി കൊലയാളി സംഘത്തെ നിയോഗിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Related Tags :
Similar Posts