Kerala
മഴക്കെടുതി: കേന്ദ്രസംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്തെത്തും
Kerala

മഴക്കെടുതി: കേന്ദ്രസംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്തെത്തും

Web Desk
|
2 Aug 2018 8:24 AM GMT

കുട്ടനാട് അടക്കമുള്ള മേഖലകളില്‍ വീണ്ടും മഴ പെയ്ത് കടുത്ത നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നത്.

മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴ് അംഗ സംഘം ദുരിതബാധിത മേഖലകൾ സന്ദർശിക്കും. മുഖ്യമന്ത്രിയും റവന്യുമന്ത്രിയുമായും കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തും.

കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ദുരിത ബാധിത മേഖലകള്‍ രണ്ടാഴ്ച മുമ്പ് സന്ദര്‍ശിച്ചെങ്കിലും സംസ്ഥാനത്തിന് കാര്യമായ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നില്ല. കുട്ടനാട് അടക്കമുള്ള മേഖലകളില്‍ വീണ്ടും മഴ പെയ്ത് കടുത്ത നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നത്.

ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴ് അംഗ സംഘം ഏഴാം തീയതി കൊച്ചിയിലെത്തും. എട്ടാം തീയതി ആലപ്പുഴ ജില്ലയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്ന സംഘം ഒമ്പതാം തീയതി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മഴക്കെടുതിയില്‍ ഇതുവരെ ഉണ്ടായ നാശനഷ്ടം സംബന്ധിച്ച കണക്ക് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കേന്ദ്രസംഘത്തെ അറിയിക്കും. കേന്ദ്രത്തില്‍ നിന്ന് പ്രത്യേക പാക്കേജും ആവശ്യപ്പെടും.

ഇതിന് മുന്നോടിയായി നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്ക് എടുക്കാന്‍ ചീഫ് സെക്രട്ടറിയോടും വകുപ്പ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സന്ദര്‍ശം നടത്തുന്ന സംഘം ഒമ്പതാം തീയതി വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും. കേന്ദ്രത്തിന്റെയും കൂടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.

Related Tags :
Similar Posts