Kerala
‘പള്ളീലച്ഛന്‍ കുട്ടീടച്ചനായപ്പോള്‍’- കവിത പിന്‍വലിക്കാതെ കോളേജ് മാഗസിന് അനുമതി നല്‍കില്ലെന്ന് അധികൃതര്‍
Kerala

‘പള്ളീലച്ഛന്‍ കുട്ടീടച്ചനായപ്പോള്‍’- കവിത പിന്‍വലിക്കാതെ കോളേജ് മാഗസിന് അനുമതി നല്‍കില്ലെന്ന് അധികൃതര്‍

Web Desk
|
2 Aug 2018 3:43 AM GMT

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ 2017-2018 അധ്യയന വര്‍ഷത്തിലെ മാഗസിന്‍ അച്ചടിക്കുന്നതിനാണ് കോളേജ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ മാഗസില്‍ അച്ചടിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതായി പരാതി. മാഗസിനില്‍ വൈദികരെ അധിക്ഷേപിക്കുന്ന തരത്തില്‍ കവിതയുണ്ടെന്നും ഇതു പിന്‍വലിച്ചാല്‍ മാത്രമേ അച്ചടിക്കാന്‍ അനുമതി നല്‍കൂ എന്നാണ് കോളേജ് അധികൃതരുടെ നിലപാട്. അതേ സമയം ഇത് ആവിഷ്കാര സ്വതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ 2017-2018 അധ്യയന വര്‍ഷത്തിലെ മാഗസിന്‍ അച്ചടിക്കുന്നതിനാണ് കോളേജ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാഗസിനില്‍ വൈദികരെ അധിക്ഷേപിക്കുന്ന കവിതയുണ്ടെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കവിതയിലെ പള്ളീലച്ഛന്‍ കുട്ടീടച്ചനായപ്പോള്‍ ദൈവം പോലും ഡിഎന്‍എ ടെസ്റ്റില്‍ അഭയം തേടി എന്ന ഭാഗമാണ് കേളേജ് അധികൃതരുടെ എതിര്‍പ്പിന് കാരണം. ഇതില്‍ പളളീലച്ഛന്‍ എന്ന വാക്കിന് പകരം ആളറിയാതെ എന്ന വാക്ക് ഉപയോഗിക്കണമെന്നാണ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം മാഗസിന്‍ അച്ചടിക്കാന്‍ ഫണ്ട് അനുവദിക്കില്ല എന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അധ്യാപകരടങ്ങുന്ന എഡിറ്റോറിയല്‍ സമിതിയുടെ അനുമതിയില്ലാതെ സൃഷ്ടികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

ആവിഷ്കാര സ്വതന്ത്ര്യം കേരളത്തില്‍ വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് അധികൃതര്‍ ഫണ്ട് അനുവദിച്ചിലെങ്കില്‍ സ്വന്തം നിലക്ക് മാഗസിന്‍ അച്ചടിക്കാനാണ് കോളേജ് യൂണിയന്റെ തീരുമാനം.

Similar Posts