കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി തള്ളി
|കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് പറയാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു.
കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. കുമ്പസരിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും നിയമപരമായി നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. കുമ്പസാരത്തില്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുമ്പസാരം വ്യക്തിപരമായ പ്രവൃത്തിയായി പ്രഖ്യാപിക്കണമെന്നും നിര്‍ബന്ധിത കുമ്പസാരം ഭരണഘടന നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സി എസ് ചാക്കോ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസി ആകുന്നത്. ഒരു വിശ്വാസത്തില്‍ ചേര്‍ന്നിട്ട് അതില്‍ തിന്മകള്‍ കണ്ടാല്‍ അതുപേക്ഷിക്കാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. കുമ്പസരിക്കണമോ വേണ്ടയോ എന്ന് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും നിയമപരമായ നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. കുമ്പസരിക്കുമ്പോള്‍ എന്ത് പറയണം, എന്ത് പറയേണ്ട എന്നത് വ്യക്തിക്ക് തീരുമാനിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
വിവിധ സഭാ മേലധ്യക്ഷന്‍മാരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്. കുമ്പസാരം നടത്താത്ത വിശ്വാസികളുടെ വിശ്വാസപരമായ കാര്യങ്ങള്‍ മതപുരോഹിതര്‍ തടയുകയാണെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി എത്തിയത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും കുമ്പസാരം നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.