Kerala
ഇടുക്കി ഡാമിലെ ജലനിരപ്പ് 2396 അടിയായി; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം
Kerala

ഇടുക്കി ഡാമിലെ ജലനിരപ്പ് 2396 അടിയായി; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

Web Desk
|
2 Aug 2018 5:44 AM GMT

തുലാമാസ മഴ വരാനിരിക്കെ വീണ്ടും ജലനിരപ്പ് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ഡാം തുറക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ പ്രാഥമിക ധാരണയുണ്ടായേക്കും.

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396 അടി കടന്നു. ഒരടി കൂടി കടന്നാല്‍ ട്രയല്‍റണ്‍ നടത്താനാണ് സര്‍ക്കാരിന്‍റെ കണക്കൂട്ടല്‍. വൈദ്യുതി മന്ത്രി എംഎം മണി ഇന്ന് ഇടുക്കി കലക്ട്രേറ്റില്‍ 11 മണിക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ കുറവായിരുന്നുവെങ്കിലും നീരൊഴുക്ക് ഓരോ മണിക്കൂറിലും രണ്ട് ഇഞ്ചിലേറെ വര്‍ധിച്ചിരുന്നു. ജലനിരപ്പ് 2397 അടി കടന്നാല്‍ നിയന്ത്രിത അളവില്‍ ഡാം ഷട്ടറുകള്‍ തുറക്കുകയോ, ട്രയല്‍ റണ്‍ നടത്തുകയോ ചെയ്തേക്കും.

ഡാം തുറക്കേണ്ട സാഹചര്യം അനിവാര്യമെന്ന് വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഇടുക്കി കലകട്രേറ്റില്‍ ഇന്ന് 11ന് എത്തുന്ന മന്ത്രി എംഎം മണി കെഎസ്ഇബിയിലെ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റം പവര്‍ ഹൌസിലെ അഞ്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് 15 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇരട്ടിയിലധികം വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത് എന്നത് കെഎസ്ഇബിക്ക് ആശ്വാസമാണ്. അതേസമയം കാലവര്‍ഷം അവസാന ഘട്ടത്തിലാണ്. തുലാമാസ മഴ വരാനിരിക്കെ വീണ്ടും ജലനിരപ്പ് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ഡാം തുറക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ പ്രാഥമിക ധാരണയുണ്ടായേക്കും.

Related Tags :
Similar Posts