Kerala
മീശയിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷ സമര്‍പ്പിക്കണമെന്ന് മാതൃഭൂമിയോട് സുപ്രീം കോടതി
Kerala

മീശയിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷ സമര്‍പ്പിക്കണമെന്ന് മാതൃഭൂമിയോട് സുപ്രീം കോടതി

Web Desk
|
2 Aug 2018 8:25 AM GMT

നോവല്‍ നിരോധിച്ച് ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് കോടതി. പുസ്തകങ്ങളെ നിരോധിക്കുന്ന സംസ്കാരം ശരിയല്ലെന്നും വിമർശനപരമായി സമീപിക്കാമെന്നും കോടതി.

എസ്. ഹരീഷിന്റെ മീശ നോവലിന്റെ വിവാദ ഭാഗങ്ങളുടെ പരിഭാഷ സമര്‍പ്പിക്കണമെന്ന് മാതൃഭൂമിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. വിവാദ സംഭാഷണം ആക്ഷേപഹാസ്യം ആയിക്കൂടെയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. നോവല്‍ നിരോധിച്ച് ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്നും പുസ്തകങ്ങളെ നിരോധിക്കുന്ന സംസ്കാരം ശരിയല്ലെന്നും വിമർശനപരമായി സമീപിക്കാമെന്നും കോടതി. നോവലിനെതിരായ ഹരജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹരജിയില്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മീശ നോവലിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം കേട്ടത്. ഹിന്ദുമത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയ നോവല്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളിയായ രാധാകൃഷ്ണൻ വരേണിക്കൽ ആണ് കോടതിയെ സമീപിച്ചത്.

നോവലിലെ ചില ഭാഗങ്ങൾ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വിൽപ്പന തടയണമെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് വ്യക്തമാക്കി. മൂന്ന് പാരഗ്രാഫുകൾ ഉയർത്തിക്കാട്ടി രാഷ്ട്രീയം കുത്തിനിറച്ചാണ്. ഹരജിയെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം.

നോവലിലേത് രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ഭാവനാപരവും സാധ്യവുമായ സംഭാഷണമാണെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും നിരീക്ഷിച്ചു. വിവാദങ്ങളുടെ പേരിൽ പുസ്തകം നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാൻ ആകില്ല. ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ നിരോധിക്കുന്ന കാര്യം പരിഗണിക്കാൻ ആകൂ. എന്നാൽ ഭാവനപരമായ സംഭാഷണത്തിൽ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങൾ നിരോധിച്ചാൽ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കും.

രണ്ടു പാരഗ്രാഫുകൾ ഉയർത്തിക്കാട്ടി പുസ്തകം തന്നെ ചവട്ടുകൊട്ടയിലേക്ക് എറിയാനാണ് ഹർജിക്കാർ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് വിവാദമായ മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ അഞ്ചു ദിവസത്തിനകം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ഇവ പരിശോധിച്ച ശേഷം ഹർജിയിൽ അന്തിമ തീരുമാനം എടുക്കും.

Related Tags :
Similar Posts