മഴയൊഴിഞ്ഞു; ഇനി ഇവര്‍ക്ക് ജീവിതം തിരിച്ചു പിടിക്കാനുള്ള പെടാപ്പാട്
|മഴയൊഴിഞ്ഞിട്ടും ദുരിതമൊഴിയാതെ വയനാട്ടിലെ ആദിവാസി കോളനികള്‍. കനത്തമഴയില്‍ കൃഷിനാശമുണ്ടായതിനെ തുടര്‍ന്ന് ജോലിയില്ലാതെ പട്ടിണിയിലാണ് പല കുടുംബങ്ങളും.
മഴയൊഴിഞ്ഞിട്ടും ദുരിതമൊഴിയാതെ വയനാട്ടിലെ ആദിവാസി കോളനികള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചെത്തിയെങ്കിലും ജീവിതം തിരിച്ച് പിടിക്കാന്‍ പാടുപെടുകയാണ് ഇവര്‍. കനത്തമഴയില്‍ കൃഷിനാശമുണ്ടായതിനെ തുടര്‍ന്ന് ജോലിയില്ലാതെ പട്ടിണിയിലാണ് പല കുടുംബങ്ങളും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കനത്തമഴയാണ് വയനാട് ജില്ലയില്‍ ഇത്തവണ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടുമിക്ക ആദിവാസി കോളനികളും ആഴ്ചകളോളം വെള്ളത്തിനടിയിലായിരുന്നു. പല കോളനികളും വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ചിലര്‍ സ്വന്തം കൂരകളില്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒറ്റപ്പെട്ട് ദിവസങ്ങള്‍ തള്ളിനീക്കി. എന്നാല്‍ ഇപ്പോള്‍ മഴമാറിയെങ്കിലും പലരും ജീവിതം തിരിച്ച് പിടിക്കാന്‍ പാടുപെടുകയാണ്. മഴയില്‍ വെള്ളം കയറി തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത വിധം കൃഷി പാടെ നശിച്ചു. പലരും ഇത്തവണത്തെ കൃഷി പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ കര്‍ഷക തൊഴിലാളികളായ ആദിവാസികള്‍ക്ക് പണിയില്ലാതായി. പല കുടുംബങ്ങളും പട്ടിണിയിലാണ്.
വെള്ളം കയറി കുതിര്‍ന്നതിനാല്‍ കോളനികളിലെ പല വീടുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. മലിനജലം നിറഞ്ഞ് കിണറുകള്‍ ഉപയോഗ ശൂന്യമായി. ഇടക്ക് പെയ്യുന്ന മഴയില്‍ ടാര്പോളില് വലിച്ച് കെട്ടിയാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. വീടുകള്‍ക്ക് ചുറ്റും മാലിന്യങ്ങളും ചളിയും കെട്ടി നില്ക്കുന്നതില് പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്ക്കുന്നു. അതേസമയം ദുരിതം നിലനില്‍ക്കുമ്പോഴും അധികാരികളുടെ ഭാഗത്ത് നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കുന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.