Kerala
വയനാട് നവദമ്പതികളുടെ കൊലപാതകം; പ്രതികളെ കുറിച്ച് സൂചന ലഭിക്കാതെ പൊലീസ് 
Kerala

വയനാട് നവദമ്പതികളുടെ കൊലപാതകം; പ്രതികളെ കുറിച്ച് സൂചന ലഭിക്കാതെ പൊലീസ് 

Web Desk
|
3 Aug 2018 7:10 AM GMT

അതേസമയം അന്വേഷണത്തിന് യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ട് ഒരു മാസം തികയറായിട്ടും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പൊലീസ്. കൊലപാതക ലക്ഷ്യത്തെകുറിച്ചോ പ്രതികളെ കുറിച്ചോ ഇതുവരെ പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. അതേസമയം അന്വേഷണത്തിന് യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ മാസം ആറാം തീയതിയാണ് വെള്ളമുണ്ട കണ്ടത്തുവയല്‍ വാഴയില്‍ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ മരിച്ച ഫാത്തിയമയുടെ കമ്മലും ഉമ്മറിന്റെ കീശയിലുണ്ടായിരുന്ന 5000 രൂപയും നഷ്ടപ്പെട്ടിട്ടില്ല. ഇതാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കുന്നത്. എന്നാല്‍ മറ്റെന്ത് കാരണമാണ് കൊലപാതകത്തിലേക്ക് നയിമച്ചതെന്ന നിഗമനത്തിലെത്താനും പൊലീസിന് സാധിച്ചിട്ടില്ല. അതേ സമയം സംഭവം നടന്ന് ഒരു മാസം തികയാറായിട്ടും പ്രതികളെ പിടിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.

നിലവില്‍ മാനന്തവാടി ഡി.വൈ.എസ്.പി പി.കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. ഫോണ്‍കോളുകള്‍, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാനന്തവാടി താലൂക്കിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ആസൂത്രിതമായി നടത്തിയ കൊലപാതകം പൊലീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Related Tags :
Similar Posts