ആഗസ്റ്റ് 7ന് കെ.എസ്.ആർ.ടി.സി പണിമുടക്ക്
|വാടക വണ്ടിക്കായി വാശി പിടിക്കുന്ന എം.ഡി സ്വകാര്യവൽക്കരണ നീക്കത്തിന് ശ്രമിക്കുകയാണ്. എം.ഡി നിലപാട് തിരുത്തണമെന്നാണ് ആവശ്യമെന്നും എം.ഡിയെ മാറ്റണമെന്ന ആവശ്യമില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ മാസം ഏഴിനാണ് ജീവനക്കാർ പണിമുടക്കുക. കെ.എസ്.ആർ.ടി.സി എം.ഡി നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ചാണ് പണി മുടക്ക്.
സർക്കാർ നേരത്തേ നടപ്പിലാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കുകയാണ് കെ.എസ്.ആർ.ടി.സി എം.ഡി ചെയ്യുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. കെ.എസ്.ആർ.ടി.സിക്ക് വരുമാന വർദ്ധനവ് ഉണ്ടായി എന്ന എം.ഡിയുടെ വാദം ശരിയല്ല. പുറത്ത് വിടുന്നത് കള്ളക്കണക്കാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. പുതുതായി ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള കണക്കുകൾ പുറത്ത് വിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വാടക വണ്ടിക്കായി വാശി പിടിക്കുന്ന എം.ഡി സ്വകാര്യവൽക്കരണ നീക്കത്തിന് ശ്രമിക്കുകയാണ്. എം.ഡി നിലപാട് തിരുത്തണമെന്നാണ് ആവശ്യമെന്നും എം.ഡിയെ മാറ്റണമെന്ന ആവശ്യമില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ആറാം തീയതി രാത്രി 12 മണിമുതലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്.