Kerala
കുമ്പസാരം നിരോധിക്കണമെന്ന ശുപാർശക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭാ പ്രമേയം
Kerala

കുമ്പസാരം നിരോധിക്കണമെന്ന ശുപാർശക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭാ പ്രമേയം

Web Desk
|
5 Aug 2018 8:31 AM GMT

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷന്റെ ശുപാർശക്കെതിരെ മലങ്കര ഓർത്തഡോക്സ് സഭ പ്രമേയം പാസാക്കി. കമ്മീഷന്റെ ശുപാർശ വിശ്വാസങ്ങൾക്ക് എതിരാണ്, ശുപാർശ കേന്ദ്ര സർക്കാർ തള്ളണമെന്നും ഓർത്തഡോക്സ് സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുമ്പസാരം രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭ വൈദികർ യുവതിയെ പീഡിപ്പിചെന്ന പരാതി പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദമായ ശുപാർശ ദേശീയ വനിത കമ്മീഷൻ നൽകിയത്. കുമ്പസാരത്തിന്റെ മറവിൽ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനും, സാമ്പത്തിക തട്ടിപ്പിനും ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകിയത്.

ഇതിനെതിരെ ക്രൈസ്തവ സഭകളിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്ന് വരുന്നതിനിടയിലാണ് ഓർത്തഡോക്സ് സഭ ഇന്ന് പള്ളികളിൽ പ്രമേയം പാസാക്കിയത്. കമ്മീഷൻ നിർദ്ദേശം ഇന്ത്യയുടെ സംസ്കാരത്തിനെതിരാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് കമ്മീഷൻ ശുപാർശ കേന്ദ്ര സർക്കാർ തള്ളണമെന്ന് സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ് ശുപാർശയെന്നും പ്രമേയത്തിൽ പറയുന്നു. നേരത്തെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം അടക്കമുള്ളവരും കമ്മീഷൻ ശുപാർശക്കെതിരെ രംഗത്ത് വന്നിരുന്നു.

Related Tags :
Similar Posts