ഇടുക്കിയിലെ കൂട്ടക്കൊല മന്ത്രസിദ്ധി നേടാന്‍; കൊലയ്ക്ക് പിന്നില്‍ ശിഷ്യനും സുഹൃത്തും
|അടിമാലി സ്വദേശി അനീഷും ലിബീഷും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇവര്‍ 15 വര്‍ഷമായി സുഹൃത്തുക്കളാണ്.
ഇടുക്കി വണ്ണപ്പുറം കൂട്ടക്കൊലപാതക കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണന്റെ മന്ത്രവാദ കര്‍മ്മങ്ങളുടെ സഹായി അനീഷിന്റെ സുഹൃത്ത് തൊടുപുഴ സ്വദേശി ലിബീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പൊലീസ് പറഞ്ഞു. കൃഷ്ണനില്‍ നിന്ന് മന്ത്രവാദശക്തി ലഭിക്കുമെന്ന് കരുതിയാണ് കൊലപാതകം.
വണ്ണപ്പുറം കമ്പക്കാനത്തെ ഒരു കുടംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ച തികഞ്ഞപ്പോഴാണ് ആദ്യ അറസ്റ്റ്. കൊല്ലപ്പെട്ട കൃഷ്ണന്റെ മന്ത്രവാദകര്മങ്ങളിലെ സഹായി അടിമാലി സ്വദേശി അനീഷും, സുഹൃത്ത് ലിബീഷുമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ തൊടുപുഴ കാരിക്കോട് സ്വദേശി ലിബീഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. അനീഷ് അടുത്തിടെ നടത്തിയ മന്ത്രവാദകര്‍മങ്ങള്‍ ഫലിച്ചില്ല. കൃഷ്ണന് സിദ്ധി തട്ടിയെടുത്തുതായും കൃഷ്ണനെ കൊലപ്പെടുത്തിയാല്‍ സിദ്ധി തിരികെ ലഭിക്കുമെന്നും കുരതിയാണ് കൊലപാതം നടത്തിയത്. കൊലപതാകത്തിനായി ആറുമാസത്തോളം ഗൂഢാലോചന നടത്തി. ഇതിനായി ലിബീഷിനെ കൂട്ടുവിളിക്കുകായയിരുന്നു. അനീഷിനെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 29ന് അര്‍ധരാത്രിയിലാണ് ഇരുവരും കൃഷ്ണന്റെ വീട്ടിലെത്തി കൃത്യം നടത്തിയത്. വീടിനു സമീപമുള്ള ആട്ടിന്‍കൂട്ടിലെത്തി ആടിനെ ഉപദ്രവിച്ച് കരയിച്ചാണ് ഉറങ്ങിക്കിടന്ന കൃഷ്ണനെയും കുടുംബത്തെയും പുറത്തിറക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് 30ാംതീയതിയും പ്രതികള്‍ കൃഷ്ണന്റെ വീട്ടിലെത്തിയാണ് നാലുപേരെയും കുഴിച്ചിട്ടത്. കുഴിച്ചുമൂടുമ്പോള്‍ കൃഷ്ണനും മകനും അബോധാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃഷ്ണന്റെ വീട്ടില്‍നിന്ന് 20 പവന് സ്വര്‍ണവും പ്രതികള്‍ മോഷ്ടിച്ചു. ലിബീഷിനെ നാളെ കോടതിയില്‍ ഹാജരാക്കും. തൊടുപുഴ ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.