Kerala
മീഡിയവണ്‍ വാര്‍ത്ത തുണയായി; ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും
Kerala

മീഡിയവണ്‍ വാര്‍ത്ത തുണയായി; ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

Web Desk
|
7 Aug 2018 1:08 PM GMT

പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി കമീറുല്‍ ഇസ്ലാമിന്‍റെ മൃതദേഹം കൊണ്ടു പോകാന്‍ പണമില്ലാത്തതു കൊണ്ട് ബന്ധുക്കള്‍ ഏറ്റുവാങ്ങാത്ത കാര്യം മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാട്ടിലേക്ക് കൊണ്ടു പോകാനാവാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും. ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനയുടെയും സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുക. പണമില്ലാത്തത് കാരണം മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത മീഡിയവണ്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പനി ബാധിച്ച് മരിച്ച പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി കമീറുല്‍ ഇസ്ലാമിന്‍റെ മൃതദേഹമാണ് നാട്ടിലെത്തിക്കാന്‍ തീരുമാനമായത്. കൊണ്ടു പോകാന്‍ പണമില്ലാത്തതു കൊണ്ട് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത കാര്യം മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തിലിടപെട്ട ജില്ലാ ഭരണകൂടം സന്നദ്ധ സംഘടനയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴി തെളിഞ്ഞതോടെ വലിയ ആശ്വാസമായതായി കമീറുല്‍ ഇസ്ലാമിന്‍റെ സഹോദരനും പ്രതികരിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ കമീറുല്‍ ഇസ്ലാം രണ്ടു ദിവസം മുമ്പാണ് മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള കമീറുല്‍ ഇസ്ലാം പത്തു വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്.

Related Tags :
Similar Posts