അത്ഭുതക്കാഴ്ചകളുമായി ജടായുപ്പാറ ചിങ്ങം ഒന്നിന് തുറക്കും
|ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ വിഭാവന ചെയ്ത ടൂറിസം പദ്ധതി കേബിൾ കാർ, അഡ്വഞ്ചർ പാർക്ക്, ഹെലികോപ്റ്റർ സൗകര്യം എന്നിവയെല്ലാം ഉൾപ്പെട്ടതാണ്
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ഉൾപ്പെടുന്ന കൊല്ലം ചടയമംഗലം ജടായു ടുറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ചിങ്ങം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിനു സമർപ്പിക്കും. ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ വിഭാവന ചെയ്ത ടൂറിസം പദ്ധതി കേബിൾ കാർ, അഡ്വഞ്ചർ പാർക്ക്, ഹെലികോപ്റ്റർ സൗകര്യം എന്നിവയെല്ലാം ഉൾപ്പെട്ടതാണ്.
സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിൽ 100 കോടി രൂപ മുതൽ മുടക്കിലാണ് ജഡായു എർത്ത്സ് സെന്ററിന്റെ നിർമാണം. സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബിഒ ടി സംരഭമാണ് ഇത്. രാവണന്റെ വെട്ടേറ്റു ജടായു വീണുവെന്ന് വിശ്വസിക്കുന്ന പാറയിലാണ് ശില്പം ഒരുക്കിയിരിക്കുന്നത്. സ്വിറ്റ്സർലന്റിൽ നിർമിച്ച കേബിൾ കാറിൽ ചെങ്കുത്തായ പാറയുടെ മുകളിലൂടെ യാത്ര ആസ്വദിക്കാം. സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളെ ജഡായു പാറയുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റർ സർവീസും ഉടൻ ആരംഭിക്കും.
മൂന്ന് മണിക്കൂർ കാണാനാവുന്ന കാഴ്ചകൾക്ക് കേബിൾ കാറടക്കം നിശ്ചിത കാലത്തേക്ക് 400 രൂപയാണ് പ്രവേശന ഫീസ്. അഡ്വഞ്ചർ പാർക്കിൽ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണടങ്ങുന്ന പാക്കേജിന് 2500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ശില്പത്തിനുള്ളിലെ മ്യൂസിയവും 6 D സംവിധാനമുള്ള തിയറ്ററും ജനുവരിയിൽ സജ്ജമാകും.