ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; ഡാം തല്‍ക്കാലം അടക്കില്ല Live Blog
|ഇടുക്കി ഡാമിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു. സെക്കന്‍റില്‍ 50,000 ലിറ്റര്‍ വെള്ളമൊഴുകുന്നു. 26 വര്‍ഷത്തിന് ശേഷമാണ് ഷട്ടര്‍ തുറന്നത്.
എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഇരിട്ടി താലൂക്കുകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
ഇടുക്കി തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.
കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ 24ഡാമുകള്‍ തുറന്നു. പത്ത് ജില്ലകളിലായാണ് 24 ഡാമുകള്‍ തുറന്നിരിക്കുന്നത്.
ഇടുക്കി ഡാം തല്‍ക്കാലം അടക്കില്ല. ഒരു ഷട്ടറിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ ഒരെണ്ണം 50സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 50000ലിറ്റര്‍ വെള്ളം ഒഴുകുന്നു.
പാലക്കാട് ജില്ലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയാണ് ഇക്കുറിയുണ്ടായത്. ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 190 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. ജില്ലയില്‍ കോടികളുടെ കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്ന ഇടുക്കി ഡാമിന്റെ തുറന്ന ഷട്ടര്‍ അല്‍പമസയത്തിനകം അടക്കും.12 മണിയോടെയാണ് ഡാമിന്റെ മധ്യഭാഗത്തുള്ള ഷട്ടര്‍ തുറന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട കക്കി ഡാമിലെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളില്‍ 2 എണ്ണം വീതം 3 ഇഞ്ചാണ് ഉയര്‍ത്തിയത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 26 വര്‍ഷത്തിന് ശേഷമാണ് കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നത്.
എറണാകുളം കോലഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കീഴില്ലം സെന്റ് തോമസ് സ്കൂളിലെ +2 വിദ്യാർത്ഥികളാണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ അനുമതി. കനത്ത മഴയെ തുടര്‍ന്ന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇന്ന് 26 പേര്‍ മരിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ സൈന്യത്തിന്റെ സഹായം തേടി.
പാലക്കാട് ജില്ലയില്‍, കഞ്ചിക്കോട്, മലമ്പുഴ തുടങ്ങിയ പ്രദേശങ്ങല്‍ വെള്ളത്തിനടിയിലാണ്. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പോത്തുണ്ടി ഡാമും തുറന്നുവിട്ടു.
കല്‍പാത്തിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള വാട്ടര്‍ അതോറിറ്റിയുടെ മലമ്പുഴയിലേക്കുള്ള പൈപ്പ് ലൈന്‍ തകര്‍ന്നതിനാല്‍ പാലക്കാട് നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ വ്യാപകമായി ഉരുള്‍ പൊട്ടി. പുതുപ്പാടി, കണ്ണപ്പന്‍കുണ്ട്, കോടഞ്ചേരി ,ചെമ്പുകടവ്, ജീരകപ്പാറ, പശുക്കടവ്, തുടങ്ങിയ വന മേഖലകളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിഞ്ഞ് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കടന്ത്രപ്പുഴയും കുറ്റ്യാടി പുഴയും കര കവിഞ്ഞ് ഒഴുകുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക നിരോധനം. സിയാല്‍ എംഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഉച്ചയ്ക്ക് 1.15ഓടെയാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ഇടമലയാര്‍ ഡാം തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളും വെളളത്തില്‍ മുങ്ങി. ചെറുതോണി അണക്കെട്ടില്‍ നിന്നുളള വെളളമെത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തേണ്ടെന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം.
കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച (ആഗസ്റ്റ് 11) നടത്താനിരുന്ന 66-ാമത് നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു. ഡാമുകള്‍ തുറന്നാല്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കി ഡാമിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു. അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലേതാണ് 50 സെന്‍റീമീറ്റര്‍ തുറന്നത്. സെക്കന്‍റില്‍ 50,000 ലിറ്റര്‍ വെള്ളമൊഴുകുന്നു. 26 വര്‍ഷത്തിന് ശേഷമാണ് ഷട്ടര്‍ തുറന്നത്.
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സെക്രട്ടറിയേറ്റില്‍ പ്രത്യേക നിരീക്ഷണ സെല്‍ തുറന്നു. സൈന്യം, കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവരുടെ സഹായം തേടും. വയനാട് നാവികസേനയുടെ വിമാനം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസിന് നിര്‍ദേശം.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്തും. 2398.8 അടിയായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഒരു ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തി സാഹചര്യം പരിശോധിക്കും. അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ളതാണ് തുറക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്ഥിതിഗതികള്‍ കെഎസ്ഇബിയും റവന്യൂ വകുപ്പും വിലയിരുത്തും. മുന്‍കരുതലിന്‍റെ ഭാഗമായാണ് ഷട്ടര്‍ തുറക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി എം.എം മണി പറഞ്ഞു. പെരിയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. പുലര്‍ച്ചെ അഞ്ചിനാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 164 ഘന മീറ്റര്‍ ജലമാണ് പുറത്തുവിട്ടത്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്.
പാലക്കാട് ജില്ലയിലും കനത്ത മഴ തുടരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പോത്തുണ്ടി ഡാമും തുറന്നുവിട്ടു. കല്‍പാത്തിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
കണ്ണൂരില്‍ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൊട്ടിയൂര്‍, ആറളം, കേളകം മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി.
മലപ്പുറം നിലമ്പൂരില്‍ ഉരുള്‍പ്പൊട്ടി അഞ്ച് മരണം. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ചാലിയാര്‍, കടലുണ്ടി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.
കോഴിക്കോട് മുക്കം, കാരശ്ശേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടി.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വയനാട് ചുരവും കുറ്റ്യാടി ചുരവും വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈത്തിരിയില്‍ പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടി. ലക്ഷംവീട് കോളനിയില്‍ വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
ഇടുക്കിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഒരാള്‍ മരിച്ചത്. കീരിത്തോട് പെരിയാര്‍ വാലിയില്‍ ഉരുള്‍പൊട്ടി ദമ്പതികള്‍ മരിച്ചു. മുരിക്കാശേരിക്ക് സമീപം ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു.