ഇടുക്കി ഡാം തുറന്നു
|2398.8 അടിയായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്
ഇടുക്കി ഡാമിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു. അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലേത് 50 സെന്റീമീറ്ററാണ് തുറന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമൊഴുകുന്നു. 26 വര്‍ഷത്തിന് ശേഷമാണ് ഷട്ടര്‍ തുറന്നത്.
ഇടുക്കി അണക്കെട്ടില്‍ 2398.8 അടിയായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം നാല് മണിക്കൂര്‍ നേരത്തേക്കാണ് ഷട്ടര്‍ തുറന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. സ്ഥിതിഗതികള്‍ കെഎസ്ഇബിയും റവന്യൂ വകുപ്പും വിലയിരുത്തും. മുന്‍കരുതലിന്റെ ഭാഗമായാണ് ഷട്ടര്‍ തുറക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി എം.എം മണി പറഞ്ഞു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.
ചെറുതോണി പുഴയുടെ ഇരുകരകളിലും 100 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി. ഷട്ടര്‍ 50 സെന്റീമീറ്റര്‍ മാത്രമാണ് ഉയര്‍ത്തുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.