ജലന്ധര്‍ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യും
|സൈബർ വിദഗ്ധർ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണം സംഘം നാളെ ചോദ്യം ചെയ്യും. സൈബർ വിദഗ്ധർ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യാനായി ജലന്ധറിലെത്തുന്നത്.
55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമാണ് അന്വേഷണ സംഘം ജലന്ധറിലെത്തുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. സൈബർ വിദഗ്ധർ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം. ബലാത്സംഗ കേസിൽ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കൂടാതെ രൂപതയിലെ മറ്റ് ചില പുരോഹിതൻമാരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസിലെ ഡിജിറ്റൽ തെളിവുകൾ കൂടി ഇതോടൊപ്പം പോലീസ് പരിശോധിക്കുന്നുണ്ട്.
കന്യാസ്ത്രീ പരാതി നൽകിയ ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കന്യാസ്ത്രീ മാനസിക പീഡനം മാത്രമാണ് പരാതിയായി ഉന്നയിച്ചിരുന്നത് എന്നായിരുന്നു ഉജ്ജയിൻ ബിഷപ്പിന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ നൽകിയ പരാതിയുടെ പകർപ്പ് പുറത്ത് വന്നതോടെ ബിഷപ്പിന്റെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു.
കേസിൽ വത്തിക്കാൻ സ്ഥാനപതി പ്രതിനിധിയുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തതിന് ശേഷം ഉന്നതതല കൂടിയാലോചനകൾ കൂടി പൂർത്തിയാക്കിയിട്ടാവും അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് പോവുക.