Kerala
കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്; ജനജീവിതം താറുമാറായി
Kerala

കനത്ത മഴയില്‍ ഒറ്റപ്പെട്ട് വയനാട്; ജനജീവിതം താറുമാറായി

Web Desk
|
10 Aug 2018 7:49 AM GMT

പല ആദിവാസി കോളനികളും ഒറ്റപ്പെട്ടു. പനമരം, കോട്ടത്തറ ടൌണുകള്‍ അടക്കം പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്

കനത്ത മഴയില്‍ ഒറ്റപ്പെട്ട വയനാട് ജനജീവിതം ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലാണ്. പല ആദിവാസി കോളനികളും ഒറ്റപ്പെട്ടു. പനമരം, കോട്ടത്തറ ടൌണുകള്‍ അടക്കം പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളമൊഴിഞ്ഞ സ്ഥലങ്ങളില്‍ തകര്‍ന്ന റോഡും കെട്ടിടവുമാണ് അവശേഷിക്കുന്നത്. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും കടുത്ത ദുരിതത്തിലാണ് വയനാട്‍. ജില്ലയിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ വൈത്തിരിക്ക് സമീപത്തെ ഇരുനില കെട്ടിടം തകര്‍ന്ന് വീണു. ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് പനമരം ടൌണില്‍ വെള്ളം കയറി. നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായ കോട്ടത്തറ മേഖല ഏറെക്കുറെ തകര്‍ന്ന നിലയിലാണ്. കോട്ടത്തറ ടൌണിലെ മിക്ക കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പലയിടത്തും റോഡ് ഇല്ലാതായി.

ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളും വെള്ളത്തിനടിയിലാണ്. പലരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും പല കുടുംബങ്ങളും കോളനികളില്‍ കുടുങ്ങിക്കിടക്കുകയാണ്. 76 ക്യാമ്പുകളിലായി 4148 പേരെ മാറ്റി പാര്‍പ്പിച്ചു. പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. നാവിക സേനയും ചെന്നൈയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയും ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്സും ദുരതബാധിക മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

Related Tags :
Similar Posts