Kerala
മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ്‌സിംങ് കേരളത്തിലേക്ക്
Kerala

മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ്‌സിംങ് കേരളത്തിലേക്ക്

Web Desk
|
10 Aug 2018 11:00 AM GMT

കേരളത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് രാജ്‌നാഥ്‌സിങ്, മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തും. ഞായറാഴ്ചയാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. കേരളത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് രാജ്‌നാഥ്‌സിങ്, മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കി.

മഴക്കെടുതി രൂക്ഷമായതിനാല്‍ കേരളത്തിനാവശ്യമായ സഹായം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ രാജ്യസഭയിലും ലോക്‌സഭയിലും ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെനായിരുന്നു രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ആവശ്യം. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ലോക്‌സഭയില്‍ പി കരുണാകരനും കെ സി വേണുഗോപാലും പറഞ്ഞു. തുടര്‍ന്നാണ് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കിയത്.

ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച കേരളത്തിലെത്തുമെന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. അതേസമയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ അല്‍ഫോണ്‍സ് കണ്ണന്താനം തള്ളി. വാചക കസര്‍ത്തല്ല പ്രവര്‍ത്തനമാണ് ആവശ്യമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാലുള്ള ഗുണം എന്തെന്ന് ആവശ്യപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തേക്കാള്‍ ഉപരിയായി ഉള്ള പരിഗണന കേന്ദ്രം നല്‍കുന്നുണ്ടെന്നും എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്നപ്പോള്‍ ദുരന്ത സമയത്ത് സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts