മഴക്ക് ശമനം; ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു
|സെക്കന്റിൽ ഡാമിലേക്ക് കുത്തിയൊലിച്ച് എത്തിയിരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. 2400 അടിയിൽ നിന്നും ജലനിരപ്പ് താഴ്ന്നാൽ ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന വെള്ളം കുറക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.
മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 2400.68 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവിൽ കുറവ് വരുത്താൻ സാധ്യതയുണ്ട്.
ഇന്നലെ രാത്രി മുതൽ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാര്യമായ മഴയില്ല. ഇതോടെ സെക്കന്റിൽ ഡാമിലേക്ക് കുത്തിയൊലിച്ച് എത്തിയിരുന്ന വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായി. പക്ഷെ ഡാമിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്താൻ അധികൃതർ തയ്യാറായിട്ടില്ല. 2400 അടിയിൽ നിന്നും ജലനിരപ്പ് താഴ്ന്നാൽ ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന വെള്ളം കുറക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. മഴ കുറഞ്ഞതോടെ ചെറുതോണി പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നേരിയ ശമനമുണ്ടായിട്ടുണ്ട്.
പക്ഷെ ചെറുതോണിയിലെ പുഴയോട് ചേർന്ന കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകളെ പൊലീസ് അനുവദിക്കുന്നില്ല. വെള്ളപ്പാച്ചിലിൽ ചെറുതോണി ബസ് സ്റ്റാന്റ് പൂർണ്ണമായി തകർന്നിട്ടുണ്ട്. മഴ അൽപം മാറിയെങ്കിലും തുറന്ന് വിട്ട വെളളത്തിന്റെ നീരൊഴുക്ക് കുറയുന്നത് വരെ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രത നിർദ്ദേശം തുടരും.