ഇന്ന് കര്‍ക്കിടകവാവ്, പിതൃപുണ്യം തേടി ആയിരങ്ങള്‍
|ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലായിരുന്നു ഇത്തവണത്തെ കര്‍ക്കിടകവാവ് ബലി
ഇന്ന് കര്‍ക്കിടകവാവ്. പിതൃപുണ്യം തേടി ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലെത്തിയത്. ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലായിരുന്നു ഇത്തവണത്തെ കര്‍ക്കിടകവാവ് ബലി.
തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, അരുവിക്കര ക്ഷേത്രം എന്നിവിടങ്ങളായിരുന്നു തലസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ശംഖുമുഖത്ത് തീരം കടലെടുത്തതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബലി തര്‍പ്പണത്തിന് ശേഷം കുളിക്കുന്നതിനായി ഭക്തര്‍ക്ക് ഷവര്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിരുന്നു. കോസ്റ്റ്ഗാര്‍ഡ്, നേവി, പൊലീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ.
ശംഖുമുഖത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കി. 4500 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താനാകുന്ന രീതിയിലായിരുന്നു ഒരുക്കങ്ങള്‍. സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ആലുവ പൊലീസ് ക്ലബ് മുതല്‍ ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയുടെ ഇരുവശങ്ങളിലായാണ് ബലിതര്‍പ്പണം നടത്തിയത്. ബലിതര്‍പ്പണത്തിന് ശേഷം പെരിയാറില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചില്ല.
മലപ്പുറം തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ അതീവ സുരക്ഷാക്രമീകരണങ്ങളോടെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു.നിരവധി വിശ്വാസികളാണ് പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്കായി എത്തിയത്.
ജല നിരപ്പ് ഉയർന്നതിനാൽ പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തുന്നതിന് പത്തനംതിട്ട ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പമ്പ നദിയുടെ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലയിലെ ക്വാറികളും ക്രഷർ യൂണിറ്റുകളും രണ്ട് ദിവസത്തേക്ക് പ്രവർത്തനം നിർത്തിവെക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.