പമ്പ നദിയിലെ ഡാമുകള്‍ തുറന്നുവിട്ടു; അപ്പര്‍ കുട്ടനാട് വീണ്ടും പ്രളയക്കെടുതിയില്‍
|മൂന്ന് ദിവസംകൊണ്ട് 4 അടിയോളം ജലനിരപ്പ് ഉയര്‍ന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്
പമ്പ നദിയിലെ ഡാമുകള്‍ തുറന്നുവിട്ടതോടെ അപ്പര്‍ കുട്ടനാട് വീണ്ടും പ്രളയക്കെടുതിയില്‍. മൂന്ന് ദിവസംകൊണ്ട് 4 അടിയോളം ജലനിരപ്പ് ഉയര്‍ന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മേഖലയില്‍ ഇതിനോടകം 2 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ അനുവദിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പമ്പ നദിയിലെ പ്രധാന അണക്കെട്ടുകളായ പമ്പ, കക്കി, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അപ്പര്‍ കുട്ടനാട്ടില്‍ വീണ്ടും പ്രളയക്കെടുതിയായി. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിന്നടിയിലായി. പമ്പ നദിയില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളത്തെ കൂടാതെ ശക്തമായി തുടരുന്ന മഴയും സ്ഥിതി സങ്കീര്‍ണമാക്കി. പമ്പയുടെ തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 39 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആവശ്യമായ ഇടങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാല്‍ പമ്പയിലെ ഒഴുക്കിന്റെ തീവ്രത കുറയുകയും അതേസമയം വെള്ളം ഒഴുകിമാറാന്‍ സമയദൈര്‍ഘ്യമെടുക്കുകയും ചെയ്യുന്ന പ്രദേശമാണിത്. ഒരു മാസത്തോളമായി പ്രദേശത്ത് തുടരുന്ന വെള്ളപ്പൊക്ക കെടുതിക്കൊപ്പം പുതിയ സാഹചര്യം പ്രദേശത്തെ സ്ഥിതി ഏറെ സങ്കീര്‍ണമാക്കുകയാണ്.