ഓല കൊട്ടയില്‍ മീന്‍ വില്‍പന; പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ഒരു മത്സ്യ വ്യാപാരി
|നൌഷാദിന്റെ പക്കല്‍ നിന്ന് മീന്‍ വാങ്ങുന്നവര്‍ക്ക് ഓലയില്‍ മെടഞ്ഞ കൊട്ടയിലാണ് മീന്‍ നല്‍കുക. കരുനാഗപ്പള്ളി വെളുത്ത മണലിലാണ് നൗഷാദിന്റെ പ്രകൃതി സൗഹൃദ മത്സ്യ വിൽപ്പന നടക്കുന്നത്
പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ വൃത്യസ്തമായ പ്രതിരോധമൊരുക്കുകയാണ് കരുനാഗപ്പള്ളി സ്വദേശി നൌഷാദ് എന്ന മീന്‍വ്യാപാരി. നൌഷാദിന്റെ പക്കല്‍ നിന്ന് മീന്‍ വാങ്ങുന്നവര്‍ക്ക് ഓലയില്‍ മെടഞ്ഞ കൊട്ടയിലാണ് മീന്‍ നല്‍കുക. കരുനാഗപ്പള്ളി വെളുത്ത മണലിലാണ് നൗഷാദിന്റെ പ്രകൃതി സൗഹൃദ മത്സ്യ വിൽപ്പന നടക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയായ നൌഷാദ് പ്രകൃതിക്ക് ഭീഷണിയാകുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കെതിരായ സമരത്തിലാണ്. ഓരോ ദിവസവും 100 കണക്കിന് പ്ലാസ്റ്റിക്ക് കവറുകള്‍ തന്റെ കയ്യിലൂടെ പ്രകൃതിയിലേക്ക് എത്തുന്നത് തടയുകയാണ് നൌഷാദിന്റെ ലക്ഷ്യം. മാക്കൊട്ട എന്ന് വിളിക്കുന്ന ഓല കൊണ്ടുള്ള കുട്ടകളിലാണ് നൌഷാദ് മീന്‍ വില്‍ക്കുന്നത്. തെങ്ങോല കുട്ടകള്‍ മെടഞ്ഞെടുക്കുന്നതും നൌഷാദ് തന്നെ. മീന്‍ വാങ്ങുന്നവര്‍ക്ക് മാക്കൊട്ട തികച്ചും സൌജന്യമായി നല്‍കും
തൊടിയൂർ പഞ്ചായത്തിൽ വെളുത്ത മണൽ ജംഗ്ഷന് സമീപം റോഡിന് വശത്തായാണ് നൌഷാദിന്റെ പരിസ്ഥിതി സൌഹൃദ മത്സ്യസ്റ്റാള്‍. ഒരു മടൽ ഓലയിൽ നിന്ന് പത്ത് കുട്ട വരെ ഉണ്ടാക്കും. പത്ത് മിനിറ്റ് കൊണ്ട് ഒരു കുട്ടയുണ്ടാക്കാം. അടുത്ത തവണ മത്സ്യം വാങ്ങാനെത്തുമ്പോള്‍ ഇതേ കുട്ടയുമായി വരണമെന്ന ഉപദേശത്തോടെയാണ് നൌഷാദ് മീന്‍ വാങ്ങാനെത്തുന്ന ഓരോരുത്തരെയും മടക്കി അയക്കാറുള്ളത്.