പെരുമഴയില്‍ ഒലിച്ചു പോയത് പലരുടെയും ജീവിതമാര്‍ഗം കൂടിയാണ്
|കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലും വെള്ളപൊക്കത്തിലും കാരശ്ശേരി ചീപ്പാം കുഴി ചെറുമണ്ണില്‍ ഷിജുവിന്റെ കോഴിഫാം പൂര്‍ണ്ണമായും നശിച്ചു
മലയോരത്തെ ആകെ ദുരിതത്തിലാക്കിയ കാലവര്‍ഷം ഇല്ലാതാക്കിയത് പലരുടെയും ജീവിതമാര്‍ഗം കൂടിയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലും വെള്ളപൊക്കത്തിലും കാരശ്ശേരി ചീപ്പാം കുഴി ചെറുമണ്ണില്‍ ഷിജുവിന്റെ കോഴിഫാം പൂര്‍ണ്ണമായും നശിച്ചു. ആറായിരത്തിലധികം കോഴികളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്.
തന്റെ പുരയിടത്തോട് ചേര്‍ന്നുണ്ടാക്കിയ കോഴിഫാമില്‍ വളര്‍ത്തുന്ന ആറായിരം കോഴികളാണ് ഒരു രാത്രി കൊണ്ട് ഷിജുവിന് നഷ്ടമായത്. കനത്ത മഴയെ തുടര്‍ന്ന് പാഞ്ഞെത്തിയ മലവെള്ള പാച്ചിലില്‍ കോഴികള്‍ എല്ലാം ഒലിച്ചു പോയി. ഒട്ടും നിനച്ചിരിക്കാതെ വെള്ളം എത്തിയതിനാല്‍ കോഴികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും സാധിച്ചില്ല.
വര്‍ഷങ്ങളായി കോഴി കൃഷി നടത്തിവരുന്ന ഷിജുവിന്റെ ഏറെക്കാലത്തെ അധ്വാനവും സ്വപ്നങ്ങളുമാണ് ഒരു മലവെള്ളപാച്ചിലില്‍ ഒലിച്ചു പോയത്. കോഴികള്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന നിരവധി ചാക്ക് കോഴിതീറ്റകളും നഷ്ടമായി. എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തി.